ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ , പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു

0


രാജകുമാരി: രാജാക്കാട്‌ പനച്ചിക്കുഴുയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ്‌ മരിച്ചത്‌. കടബാധ്യതമൂലം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്‌തതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. ബൈസണ്‍വാലി സൊസൈറ്റിമേട്‌ സ്വദേശിയായ രാജേന്ദ്രന്‍ ഒരു വര്‍ഷം മുന്‍പാണ്‌ അവിടെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റ ശേഷം രാജാക്കാട്‌ മുല്ലക്കാനത്തേക്കു താമസം മാറിയത്‌. മുല്ലക്കാനം, രാജാക്കാട്‌, പനച്ചിക്കുഴി എന്നിവിടങ്ങളിലായി ആറേക്കറോളം ഭൂമി പാട്ടത്തിനെടുത്ത്‌ ഏലം കൃഷി ചെയ്യുകയായിരുന്നു. മുല്ലക്കാനത്തെ വാടക വീട്ടിലാണു രാജേന്ദ്രനും കുടുംബവും താമസിക്കുന്നത്‌. ഏലത്തിനു വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്കു പാട്ട തുക നല്‍കാന്‍ കഴിയാതെ രാജേന്ദ്രന്‍ ഏറെ നാളായി മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണു വിവരം.
കഴിഞ്ഞ ദിവസം പകല്‍ പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ കുരുമുളക്‌ വിളവെടുക്കാനായി പോയ രാജേന്ദ്രന്‍ വൈകുന്നേരമായിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ അനേ്വഷണത്തിലാണ്‌ കൃഷിയിടത്തിലെ ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. രാജാക്കാട്‌ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കുഞ്ചിത്തണ്ണിയിലെ ബന്ധു വീട്ടില്‍ സംസ്‌കരിച്ചു. ഭാര്യ അമ്പിളി. മക്കള്‍. അപര്‍ണ, അക്ഷയ.

LEAVE A REPLY

Please enter your comment!
Please enter your name here