ചെലവിന്റെ പകുതി പോലും വരുമാനമില്ല; മൂക്കറ്റം മുങ്ങിയ കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി;  വിത്തെടുത്തു കുത്തൽ നയത്തിൽ പിണറായി സർക്കാർ

0

തിരുവനന്തപുരം: വരവും ചെലവും ഒരിക്കലും ടാലിയാകാത്ത വിധത്തിൽ സംസ്ഥാന സർക്കാറിൽ സാമ്പത്തിക പ്രതിസന്ധി മുറുകുന്നു. സാമ്പത്തിക വർഷാവസാനം എത്തുന്നതോടെ ചെലവിന്റെ പകുതിപോലും വരുമാനമില്ലാത്ത ദുരവസ്ഥയിലാണ് സർക്കാർ. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ കടമെടുക്കാൻ കഴിയുന്ന തുക 937 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിൽ മൂക്കറ്റം മുങ്ങിയെന്ന് പറയേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

സംസ്ഥാന സർക്കാരിന്റെ അടുത്ത മാസത്തെ ചെലവുകൾ പ്രതിസന്ധിയിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പണമില്ലാത്തതിനാൽ പദ്ധതി വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കൽ വന്നേക്കുമെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷം 25 ശതമാനത്തോളം വിഹിതം വെട്ടിക്കുറച്ചിരുന്നെങ്കിൽ ഇക്കുറി അതും മറികടക്കുമെന്നാണ് വാർത്ത. സർക്കാറിന് പിടിച്ചു നിൽക്കണമെങ്കിൽ ഇക്കുറി, 35 ശതമാനത്തോളം ചെലവു കുറയ്‌ക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ ഇതുവരെ പദ്ധതിച്ചെലവ് 56 ശതമാനമേ ആയിട്ടുള്ളൂ. സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്ന പതിവുള്ളതിനാൽ 25,000 കോടി രൂപയെങ്കിലും അടുത്ത മാസം ട്രഷറിയിൽനിന്നു ചെലവിടാമെന്നതായിരുന്നു സർക്കാർ മനസ്സിൽ കണ്ടത്. എന്നാൽ സാമ്പത്തിക നില പരുങ്ങലിൽ ആയതോടെ ആകെ മൊത്തം പ്രതിസന്ധിയാണ് സർക്കാറിൽ. ഇപ്പോഴത്തെ നിലയിൽ സാമ്പത്തിക ദുരവസ്ഥയിൽ നിന്നും കരകരറണമെങ്കിൽ ഇന്ധന സെസിന് പുറമേ മറ്റു വരുമാന മാർഗ്ഗങ്ങളും കണ്ടത്തേണ്ട അവസ്ഥയാണ് സർക്കാറിനുള്ളത്.

6,000 കോടി നികുതി വരുമാനവും 500 കോടി നികുതിയിതര വരുമാനവും കടമെടുക്കുന്ന 937 കോടിയും മറ്റെല്ലാ വരുമാനങ്ങളും ചേർത്ത് 10,000 കോടി രൂപയിൽ താഴെ മാത്രമേ ഇപ്പോഴത്തെ നിലയിൽ സർക്കാറിന് സമാഹരിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം ചെലവിനായി വേണ്ടത് 25000 കോടി രൂപയുമാണ്. നേരിട്ടുള്ള വരുമാനങ്ങൾ ഇല്ലാതായതോടെ കടമെടുത്ത് മുന്നോട്ടു പോകാനാണ് സർക്കാർ പദ്ധതിയിട്ടത്. എന്നാൽ, കേന്ദ്രത്തിന്റെ ഉടക്കാണ് ഇവിടെയും പ്രശ്‌നമായതെന്നാണ് പുറത്തുവരുന്ന സൂചന.

കടമെടുക്കാമെന്ന് കരുതിയ തുകയിൽനിന്നു 2,700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. മുൻപു കടമെടുത്തതിന്റെ പലിശ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വിവിധ സബ്‌സിഡികൾ എന്നിവയ്ക്കായി നൽകാൻ മാർച്ചിൽ മാത്രം 5,000 കോടി രൂപയെങ്കിലും വേണം. ഇവ ഒഴിവാക്കാൻ കഴിയാത്ത ചെലവുകളാണ്. പിന്നെ ബാക്കിയുള്ള 5,000 കോടി കൊണ്ടു വർഷാവസാന ചെലവുകളിൽ കാൽ പങ്കു പോലും നിറവേറ്റാൻ കഴിയില്ല.

റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള 1,600 കോടിയുടെ വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ് ഇപ്പോൾത്തന്നെ അടിക്കടി സർക്കാർ വാങ്ങുന്നുണ്ട്. ഓവർഡ്രാഫ്റ്റായി 1,600 കോടി രൂപ കൂടി സ്വീകരിക്കേണ്ടി വരും. വളരെ അസാധാരണ സാഹചര്യത്തിലാണ് സർക്കാർ ഓവർഡ്രാഫ്റ്റിലേക്കു നീങ്ങാറുള്ളത്. ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനും 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണു സർക്കാർ.

ഇപ്പോഴത്തെ നിലയൽ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സഹകരണ ബാങ്കിൽനിന്നു 2,000 കോടി വായ്പയെടുക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനു പുറമേ ബവ്‌റിജസ് കോർപറേഷൻ സർക്കാരിലേക്ക് അടയ്‌ക്കേണ്ട പണം മുൻകൂറായി വാങ്ങും. ആവശ്യത്തിനു പണമുള്ള ചില ക്ഷേമനിധി ബോർഡുകളെയും സമീപിക്കും. ഇത്തരം നടപടികളിലേക്ക് കടന്നാൽ അത് വിത്തെടുത്തു കുത്തൽ നയത്തിന് തുല്യമാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here