ഭൂകമ്പത്തിനു ശേഷം തുർക്കിയിൽ ഉടലെടുത്തത് രണ്ട് വൻ വിടവുകൾ; 300 കിലോമീറ്റർ നീളമുള്ള വിടവുകൾ ഭൂകമ്പത്തിന്റെ ബാക്കിപത്രം

0

അങ്കാറ: തുർക്കിയിലും സിറിയയിലും നടന്ന ഭൂകമ്പ പരമ്പരയ്ക്ക് ശേഷം ഭൂമിയുടെ പുറന്തോടിൽ രണ്ടു വലിയ വിടവുകൾ ഉണ്ടായത് പുതിയ ആശങ്കയാകുന്നു. തുർക്കി- സിറിയ അതിർത്തി മുതലാണു വിടവുകൾ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ആറിനു സംഭവിച്ച, കാൽ ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഭൂകമ്പത്തിന് ശേഷണാണ് വിടവുകൾ രൂപം കൊണ്ടത്. ഈ വിടവുകൾക്ക് കാരണം എന്താണെന്ന് വിശദീകരിച്ചു ഭൗമശാസ്ത്ര വിദഗ്ധരും രംഗത്തുവന്നിട്ടുണ്ട്. ഭൂകമ്പത്തിന്റെ ബാക്കിപത്രം തന്നെയാണ് ഈ വിടവുകൾ എന്നാണ് വിശദീകരണം.

ബ്രിട്ടനിലെ സെന്റർ ഫോർ ഒബ്സർവേഷൻ ആൻഡ് മോഡലിങ് ഓഫ് എർത്ത് ക്വേക്ക്സ് വോൾക്കാനോസ് ആൻഡ് ടെക്ടോണിക്സാണ് വിടവുകൾ കണ്ടെത്തിയത്. സെന്റിനൽ 1 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂകമ്പത്തിനു മുൻപും ശേഷവും പകർത്തിയ ഉപഗ്രഹചിത്രങ്ങൾ തമ്മിൽ താരതമ്യപഠനം നടത്തിയാണ് ശാസ്ത്രജ്ഞർ നിഗമനത്തിലെത്തിച്ചേർന്നത്. ഇതിൽ ഏറ്റവും നീളമുള്ള വിടവ് 300 കിലോമീറ്റർ നീളമുണ്ട്. മെഡിറ്ററേനിയൻ കടലിന്റെ വടക്കുകിഴക്കൻ മുനമ്പ് വരെ ഇതു നീണ്ടു കിടക്കുന്നു.

തിങ്കളാഴ്ചത്തെ ഭൂകമ്പ പരമ്പരയിൽ ആദ്യത്തേതിന്റെ ആഘാതം കൊണ്ടാണ് ഈ വിടവ് സൃഷ്ടിക്കപ്പെട്ടത്. 7.8 ആയിരുന്നു ഈ ഭൂകമ്പത്തിന്റെ തീവ്രത. 9 മണിക്കൂറിനു ശേഷം സംഭവിച്ച 7.5 തീവ്രതയുള്ള ഭൂകമ്പത്തിന്റെ ഫലമായാണ് രണ്ടാമത്തെ വിടവ് ഉടലെടുത്തത്. ഇത്തരം ഭൗമവിടവുകൾ ഭൂകമ്പത്തിനു ശേഷം സാധാരണമാണെന്ന് ബ്രിട്ടനിലെ സെന്റർ ഫോർ ഒബ്സർവേഷൻ ആൻഡ് മോഡലിങ് ഓഫ് എർത്ത് ക്വേക്ക്സ് വോൾക്കാനോസ് ആൻഡ് ടെക്ടോണിക്സിലെ പ്രഫസറായ ടിം റൈറ്റ് പറയുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നതിന്റെ വലുപ്പം വളരെ കൂടുതലാണ്.

ഭൂകമ്പങ്ങൾ മൂലം പുറന്തള്ളപ്പെട്ട വലിയ ഊർജത്തിന്റെ സാക്ഷ്യപത്രമാണ് ഈ വിടവുകൾ. ഇത്രയും തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങൾ അടുത്തടുത്ത് സംഭവിക്കുന്നതും അപൂർവതയാണ്. വിടവുകളുടെ ചിത്രങ്ങൾ പ്രദേശത്തെ ശാസ്ത്രജ്ഞരും തങ്ങളുടെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. സൈപ്രസിനു വടക്കായുള്ള മേഖല അനറ്റോളിയൻ, അറേബ്യൻ, ആഫ്രിക്കൻ ടെക്ടോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനമാണ്. അതിനാൽ തന്നെ ഇവിടെ ഭൂകമ്പസാധ്യതയും കൂടുതലാണ്.

ഭൂകമ്പമാപിനിയിൽ ഏഴിന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങൾ അതീവഗുരുതരമാണ്. തുർക്കിയിലുണ്ടായത് ഈ ഗണത്തിൽപ്പെട്ട ഒന്നല്ല രണ്ട് ചലനങ്ങളാണ്. ഭൗമ ഫലകങ്ങൾ തെന്നിമാറുന്നതാണ് ഇത്തരം മേഖലകളിൽ ഭൂചലനങ്ങൾക്ക് വഴിവെയ്ക്കുന്നത്. യു.എസ് ജിയോളജിക്കൽ സർവേയുടെ പഠനമനുസരിച്ച് മൂന്ന് ടെക്‌റ്റോണിക് പ്ലേറ്റുകൾ തെന്നിമാറിയതാണ് തുർക്കിയിൽ അനുഭവപ്പെട്ടത്. സാവധാനം ചലിക്കുന്ന പാറകൊണ്ടുകുള്ള ഫലകങ്ങളാണ് ടെക്‌റ്റോണിക് പ്ലേറ്റുകൾ. ഭൂമിയുടെ ഉപരിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവയ്ക്ക് പത്ത് മുതൽ 160 മൈൽ വരെ കട്ടിയുണ്ടാകും. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ തെന്നിമാറ്റം പർവതങ്ങൾ രൂപപ്പെടാൻ വരെ കാരണമാകും. അനറ്റോളിയൻ പ്ലേറ്റിലാണ് തുർക്കി സ്ഥിതി ചെയ്യുന്നത്. അതിന് മുകളിൽ യൂറോപ്യൻ പ്ലേറ്റും, താഴെ ആഫ്രിക്കൻ പ്ലേറ്റും വലത് ഭാഗത്ത് അറേബ്യൻ പ്ലേറ്റുമുണ്ട്. ഇത് മൂന്നും ഒരേ സമയത്ത് വ്യതിചലിക്കുന്നതാണ് ദുരന്തമായി മാറുന്ന ഭൂചലനങ്ങൾക്ക് കാരണം.

അഗ്‌നി പർവതങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലും ഡാമുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാവാറുണ്ട്. അനിയന്ത്രിതമായ ഖനനവും ഭൂചലനത്തിന് കാരണമാകാറുണ്ട്. 1960 ൽ ചിലിയിലെ വാൽദിവിയയിൽ അനുഭവപ്പെട്ടതാണ് രേഖപ്പെടുത്തിയതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ ഭൂചലനം. 9.4 നും 9.6 നും ഇടയിലായിരുന്നു അതിന്റെ തീവ്രത. വൻ നാശനഷ്ടങ്ങൾക്ക് വഴി വച്ച ആ ദുരന്തത്തിന്റെ കാരണം ഭൗമഫലകങ്ങളിൽ ഒന്ന് മറ്റൊന്നിനടിയിലേക്ക് തെന്നിമാറിയതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here