ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം

0


മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം. വാങ്കഡെ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതല്‍ നടക്കുന്ന ഒന്നാം ട്വന്റി20 യോടെ ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങും.
റണ്ണൊഴുകുന്ന വേദിയാണു വാങ്കഡെ. വലുപ്പം കുറഞ്ഞ ബൗണ്ടറികള്‍ ബാറ്റര്‍മാരെ ആവേശം കൊള്ളിക്കും. പിന്തുടരുന്ന ടീമുകളുടെ ഭാഗ്യ ഗ്രൗണ്ടുമാണ്‌. ഇവിടെ നടന്ന 41 ട്വന്റി20 കളില്‍ 24 ലും പിന്തുടര്‍ന്നു ജയിക്കുകയായിരുന്നു. ഇന്നത്തെ തെളിഞ്ഞ കാലാവസ്‌ഥയും മത്സരത്തിന്‌ അനുകൂലമാണ്‌. 2021 മുതല്‍ ലങ്കയ്‌ക്കെതിരേ നടന്ന ട്വന്റി20 കളില്‍ ഇന്ത്യക്കു നേരിയ മുന്‍തൂക്കം നേടാനായി. ഏഴ്‌ കളികളില്‍ നാലിലും അവരാണു ജയിച്ചത്‌.
ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡിലേക്ക്‌ അടുക്കുകയാണു ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍. ചാഹാലിന്‌ ഭുവനേശ്വര്‍ കുമാറിന്റെ 90 വിക്കറ്റുകളെന്ന റെക്കോഡ്‌ മറികടക്കാന്‍ ഈ പരമ്പരയില്‍ നാല്‌ പേരെ പുറത്താക്കിയാല്‍ മതി.
ലങ്കയുടെ കുശല്‍ മെന്‍ഡിസ്‌ ഇന്നു കളിക്കാനിറങ്ങുന്നതോടെ ട്വന്റി20 യില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ട്വന്റി20യില്‍ 50 മത്സരങ്ങള്‍ കളിക്കുന്ന 13-മാത്തെ ലങ്കന്‍ താരമെന്ന നേട്ടമാണു കാത്തിരിക്കുന്നത്‌. ടീം ഇന്ത്യ ഓപ്പണിങ്‌ ജോഡിയായി ഇഷാന്‍ കിഷനെയും ഋതുരാജ്‌ ഗെയ്‌ക്വാദിനെയും പരീക്ഷിക്കാനാണു സാധ്യത. ശുഭ്‌മന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ട്വന്റി20 യിലെ അരങ്ങേറ്റം വൈകാനാണു സാധ്യത. ട്വന്റി20 ലോകകപ്പില്‍ ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിങ്‌ ഇലവനില്‍ ഇടംപിടിക്കാതിരുന്ന ചാഹാല്‍ കളിച്ചേക്കും. ഇടംകൈയന്‍ സ്‌പിന്നര്‍ അക്ഷര്‍ പട്ടേലാണു ചാഹാലിന്റെ പ്രധാന വെല്ലുവിളി. ബാറ്റിങ്ങിന്‌ ആഴം കൂട്ടാന്‍ തീരുമാനിച്ചാല്‍ ചാഹാലിനു പകരം പട്ടേല്‍ കളിക്കും.
ഇഷാന്‍ കിഷനും ഋതുരാജ്‌ ഗെയ്‌ക്വാദും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണില്‍ നടന്ന അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ഓപ്പണിങ്‌ ജോഡിയായി. ബംഗ്ലാദേശിനെതിരേ നടന്ന മൂന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയടിച്ച ഇഷാന്‍ തകര്‍പ്പന്‍ ഫോമിലുമാണ്‌. ലങ്കന്‍ സ്‌പിന്നര്‍ വാനിന്ദു ഹസരങ്കയും മികച്ച ഫോമിലാണ്‌. പോയ വര്‍ഷം വാനിന്ദുവിനെക്കാള്‍ (73) വിക്കറ്റ്‌ വേട്ടയില്‍ മുന്നിലുണ്ടായിരുന്നത്‌ അഫ്‌ഗാനിസ്‌ഥാന്റെ റാഷിദ്‌ ഖാന്‍ (81) മാത്രമാണ്‌. വിശ്വസിക്കാവുന്ന വാലറ്റക്കാരന്‍ ബാറ്റര്‍ കൂടിയാണെന്നതു വാനിന്ദുവിന്റെ പ്ലസ്‌ പോയിന്റ്‌. രോഹിത്‌ ശര്‍മ, ലോകേഷ്‌ രാഹുല്‍, വിരാട്‌ കോഹ്ലി, ശ്രേയസ്‌ അയ്യര്‍, ഋഷഭ്‌ പന്ത്‌, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആര്‍. അശ്വിന്‍, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുംറ എന്നിവര്‍ വിവിധ കാരണങ്ങളാല്‍ പരമ്പരയില്‍ കളിക്കുന്നില്ല. താരതമ്യേന അനുഭവ സമ്പത്ത്‌ കുറഞ്ഞ ടീമിനെയാണു ഹാര്‍ദിക്‌ പാണ്ഡ്യക്കു നയിക്കേണ്ടത്‌. ആറു മാസം മുമ്പ്‌ അരങ്ങേറിയ പേസര്‍ അര്‍ഷദീപ്‌ സിങാണ്‌ ബൗളിങ്ങിനെ നയിക്കുക. ഉമ്രാന്‍ മാലിക്ക്‌, ശിവം മാവി, മുകേഷ്‌ കുമാര്‍… അവസരങ്ങള്‍ കാത്തുനില്‍ക്കുന്ന യുവനിര അവസാനിക്കുന്നില്ല. ലോകകപ്പിനു ശേഷം ട്വന്റി20 കളിച്ചിട്ടില്ലെങ്കിലും ലങ്ക പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ ലങ്കന്‍ താരങ്ങള്‍ക്കു തുണയാകും. മാത്രവുമല്ല കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ്‌ ജേതാക്കളുമാണ്‌ അവര്‍. ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ കളിച്ച അതേ ടീമിനെയാകും ലങ്ക കളിപ്പിക്കുക. ദില്‍ഷന്‍ മധുശനകയ്‌ക്കു പകരം കാസുന്‍ രജിതയെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു മാത്രം.
സാധ്യതാ ടീം: ഇന്ത്യ- ഇഷാന്‍ കിഷന്‍, ഋതുരാജ്‌ ഗെയ്‌ക്വാദ്‌, സൂര്യകുമാര്‍ യാദവ്‌, സഞ്‌ജു സാംസണ്‍, ഹാര്‍ദിക്‌ പാണ്ഡ്യ (നായകന്‍), ദീപക്‌ ഹൂഡ, വാഷിങ്‌ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ്‌ സിങ്‌, ഉമ്രാന്‍ മാലിക്‌്ക, യുസ്‌വേന്ദ്ര ചാഹാല്‍.
സാധ്യതാ ടീം: ശ്രീലങ്ക- പാതും നിസങ്ക, കുശല്‍ മെന്‍ഡിസ്‌, ധനഞ്‌ജയ ഡി സില്‍വ, ചരിത അസാലങ്ക, ഭാനുക രാജപക്‌സെ, ദാസുന്‍ ശനക (നായകന്‍), വാനിന്ദു ഹസരങ്ക, ചാമിക കരുണരത്‌നെ, മഹീഷ തീക്ഷ്‌ണ, ദില്‍ഷന്‍ മധുശനക, ലാഹിരു കുമാര.

LEAVE A REPLY

Please enter your comment!
Please enter your name here