അദാനി ഗ്രൂപ്പിന് തിരിച്ചടി; ഓഹരികള്‍ വന്‍ നഷ്ടത്തില്‍, 17 ശതമാനം ഇടിഞ്ഞു

0

മുംബൈ: ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടി. ഓഹരി മൂല്യം കൂടുതല്‍ ഇടിഞ്ഞു. എട്ട് ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയ തിന് രണ്ടാം ദിനം വെളളിയാഴ്ച രാവിലെ വിപണി മൂല്യത്തില്‍ ഏകദേശം 2 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ 17 ശതമാനം ഇടിഞ്ഞപ്പോള്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 12 ശതമാനത്തിലധികം ഇടിഞ്ഞു. ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 3.5 ശതമാനം ഇടിഞ്ഞു.

കൂടാതെ, സെന്‍സെക്സ് 338 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 50.65 പോയിന്റാണ് നഷ്ടമായത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണി ഇന്ന് വ്യാപാരം പുനരാരംഭിച്ചത്.

ഹിന്‍ഡന്‍ബാഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിയുകയാണ്. അതേസമയം, അദാനി ഗ്രൂപ്പിന്റെ തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍ തുടങ്ങും. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി സംഭവിക്കുന്ന സാഹര്യത്തിലാണ് ഈ ഓഹരി സമാഹരണം നടത്തുന്നത്. കടം തിരിച്ചടവിനും മറ്റു ചിലവുകള്‍ക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ന് തൊട്ട് ചൊവ്വാഴ്ച വരെയാണ് നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുളള സമയം ഉളളത്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് കമ്പനികള്‍ക്ക് 8 ശതമാനം വരെ നഷ്ടമുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച വിപണികള്‍ക്ക് അവധിയായിരുന്നു.

Leave a Reply