മലയാളി വൈദികന്‍ ജോഷിമഠില്‍ വാഹനാപകടത്തില്‍ മരിച്ചു

0


പേരാമ്പ്ര: ഉത്തരാഖണ്ഡ്‌ ബിജ്‌നോര്‍ രൂപതാ ആസ്‌ഥാനമായ കോട്‌ ദ്വാറില്‍ സേവനമനുഷ്‌ഠിക്കുന്ന മലയാളി വൈദികന്‍ ഫാ. മെല്‍വിന്‍ പി. അബ്രാഹം(37) പ്രകൃതി ദുരന്തമേഖലയായ ജോഷിമഠില്‍ വാഹനാപകടത്തില്‍ മരിച്ചു. 19 ന്‌ ഉച്ചകഴിഞ്ഞു മൂന്നോടെ അദ്ദേഹം ഓടിച്ചിരുന്ന ഗൂര്‍ഖ ഇനം വണ്ടി മഞ്ഞുപാളിയില്‍ തെന്നി നിയന്ത്രണംവിട്ടു അഞ്ഞൂറ്‌ അടിയിലധികം താഴ്‌ചയുള്ള കൊക്കയിലേക്കു പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു വൈദികര്‍ ചാടി പുറത്തിറങ്ങി വണ്ടിയുടെ ചക്രത്തില്‍ തടവച്ച്‌ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വൈദികര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദുരന്തനിവാരണ സേന കൊക്കയില്‍ നിന്നു വീണ്ടെടുത്തപ്പോഴേക്കും ഫാ. മെല്‍വിന്‍ മരിച്ചിരുന്നു.
പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു ഋഷികേശ്‌ എയിംസ്‌ ആശുപത്രിയില്‍ ഇന്നലെ രാത്രി ഭൗതിക ശരീരം എത്തിച്ചു.നാളെ വൈകിട്ടു അഞ്ചോടെ കോട്ട്‌ദ്വാറിലെ സെന്റ്‌ ജോസഫ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനും പ്രാര്‍ഥനകള്‍ക്കുമായി വയ്‌ക്കും. 23 നു രാവിലെ എട്ടോടെ ബിജ്‌ നോര്‍ രൂപതാ ബിഷപ്‌ മാര്‍ വിന്‍സെന്റ്‌ നെല്ലായി പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. പ്രകൃതി ദുരന്ത മേഖലയായ ജോഷി മഠിലെ ഇരുപത്തി അഞ്ചോളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യവസ്‌തുക്കളും മറ്റുമായി തനിയെ വാഹനമോടിച്ചു പോയതായിരുന്നു ഫാ. മെല്‍വിന്‍.
അവിടെ മൂന്നു ദിവസം താമസിച്ചു തിരിച്ചു പോരുന്നതിനു മുമ്പ്‌ ജോഷി മഠിലെ ഭൂ ദുരന്ത മേഖലകള്‍ കാണാന്‍ മറ്റു വൈദികര്‍ക്കൊപ്പം പോയപ്പോഴാണു അപകടത്തില്‍പെട്ടത്‌. കോഴിക്കോട്‌ ചക്കിട്ടപാറയിലെ വിരമിച്ച അധ്യാപക ദമ്പതികളായ പള്ളിത്താഴത്ത്‌ അബ്രാഹം (ബാബു)-കാതറിന്‍ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയ മകനാണു ഫാ. മെല്‍വിന്‍. സംഭവമറിഞ്ഞ്‌ സഹോദരന്‍ ഷാല്‍വിനും മാതൃ സഹോദരന്‍ സുഭാഷും ബിജ്‌ നോറില്‍ ഇന്നലെ വൈകിട്ടോടെ എത്തിയിട്ടുണ്ട്‌.
മാതാപിതാക്കളും സഹോദരി ഷാലറ്റും മറ്റു ബന്ധുക്കളും താമരശേരി രൂപത ആസ്‌ഥാനത്തെ വൈദികനും ഫാ. മെല്‍വിന്റെ മാതൃ സഹോദരിയുടെ മകനുമായ ഫാ. ഫിലിപ്‌ ചക്കുംമൂട്ടില്‍ അടക്കം പത്തോളം പേര്‍ സംസ്‌കാര ശുശ്രൂഷകളില്‍ സംബന്ധിക്കാന്‍ ഇന്നു വൈകിട്ടു വ്യോമമാര്‍ഗം യാത്ര തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here