സംസ്‌ഥാനത്ത്‌ 7800 ഹെക്‌ടര്‍ വനഭൂമി കൈയേറിയതായി വനം വകുപ്പ്‌

0


പത്തനംതിട്ട : സംസ്‌ഥാനത്ത്‌ 2017-ന്‌ മുമ്പ്‌ 7801.1161 ഹെക്‌ടര്‍ വനഭൂമി (19,268 ഏക്കര്‍) കൃഷിയുടെ പേരില്‍ കൈയേറിയതായി വനം വന്യജീവി വകുപ്പ്‌ റിപ്പോര്‍ട്ട്‌. സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കിഴക്കന്‍ മേഖലയിലേക്കു കുടിയേറി കൃഷിയിറക്കി വന്നവരേയും കൈയേറ്റക്കാരായി വിശേഷിപ്പിക്കുന്നു. യഥാര്‍ഥ വനംകൊള്ളക്കാരെ രക്ഷിക്കാനുള്ള നീക്കമാണ്‌ ഇതിനു പിന്നിലെന്ന്‌ ആക്ഷേപമുണ്ട്‌.
മലപ്പുറം, പാലക്കാട്‌ ജില്ലകള്‍ ഉള്‍പ്പെടുന്ന വനം വകുപ്പിന്റെ ഈസ്‌റ്റേണ്‍ സര്‍ക്കിളിലാണ്‌ കൂടുതല്‍ കൈയേറ്റങ്ങള്‍. 3819.75 ഹെക്‌ടര്‍ വന ഭൂമി. കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍തേണ്‍ സര്‍ക്കിളില്‍ 1760 ഹെക്‌ടര്‍ ഭൂമിയും ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച്‌ സര്‍ക്കിളില്‍ 1727.20 ഹെക്‌ടറും കൈയേറിയിട്ടുണ്ട്‌.പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന സതേണ്‍ സര്‍ക്കിളില്‍ 18.96 ഹെക്‌ടറാണ്‌ കൈയേറ്റം. കൂടാതെ കോട്ടയം ജില്ലയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെടുന്ന പെരിയാര്‍ ഈസ്‌റ്റില്‍ 0.0061 ഹെക്‌ടറും പാലക്കാട്‌ വന്യജീവി സങ്കേതത്തില്‍പ്പെട്ട 193.02 ഹെക്‌ടറും കൈയേറ്റത്തില്‍ പെടുന്നു. കോട്ടയം ജില്ലയിലെ റിസര്‍വ്‌ വനമേഖലയില്‍ ഉള്‍പ്പെട്ട കൈയേറ്റം 5.40 ഹെക്‌ടറാണ്‌.
എന്നാല്‍ വനം വകുപ്പിന്റെ കണക്കില്‍ നൂറ്റാണ്ടുകളായി താമസിച്ച്‌ കൃഷി ഇറക്കി ജീവിക്കുന്ന നൂറുകണക്കിനു കര്‍ഷകരേയും കൈയേറ്റക്കാരായി വിശേഷിപ്പിച്ചതിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ്‌ ആക്ഷേപം. സംസ്‌ഥാനത്തെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയായ പൊന്തമ്പുഴയിലെ പെരുമ്പട്ടിയില്‍ മൂന്നു നൂറ്റാണ്ടിലധികമായി താമസിച്ചുവരുന്ന 512 കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പൊന്തമ്പുഴ ഉള്‍പ്പെടുന്ന 7000-ല്‍ അധികം ഏക്കര്‍ ഭൂമി 282 കുടുംബങ്ങള്‍ക്കായി ഏഴുമറ്റൂര്‍ കോവിലകം പകുത്തുനല്‍കിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ റിസര്‍വ്‌ വനഭൂമിക്കുമേലുള്ള അധികാരം വനംവകുപ്പിനു നഷ്‌ടപ്പെട്ടതാണ്‌. തല്‍സ്‌ഥിതി തുടരാനുള്ള സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ വനം വകുപ്പിനു ഭൂമി തിരികെ ലഭിച്ചെങ്കിലും ഇതിനെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണു കുടുംബങ്ങള്‍.

വനം ഡിവിഷനുകളില്‍ നടന്ന കൈയേറ്റങ്ങളുടെ കണക്കു ചുവടെ. (ഹെക്‌ടര്‍ അടിസ്‌ഥാനത്തില്‍)
കോന്നി ഡിവിഷന്‍-10.59 ഹെക്‌ടര്‍
റാന്നി-1.13
തെന്മല-7.24
കോതമംഗലം-147.60
കോട്ടയം-121.49
മൂന്നാര്‍-1099.65
മറയൂര്‍-0.03
മാങ്കുളം-358.43
തൃശൂര്‍-147.04
മലയാറ്റൂര്‍-129.29
നിലമ്പൂര്‍ നോര്‍ത്ത്‌-682.53
നിലമ്പൂര്‍ സൗത്ത്‌-2.11
പാലക്കാട്‌-190.58
മണ്ണാര്‍കാട്‌-2700.34
നെന്മാറ-244.19
കോഴിക്കോട്‌-10.40
വയനാട്‌ സൗത്ത്‌-1369.29
വയനാട്‌ നോര്‍ത്ത്‌-369.74
കണ്ണൂര്‍-11.02
പെരിയാര്‍ ടൈഗര്‍-പെരിയാര്‍ ഈസ്‌റ്റ്‌ 0.0061
ഇടുക്കി-5.40
പീച്ചി-193.02
ആകെ:-7801.1161 ഹെക്‌ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here