ഗുണ്ടകളെ ‘ഇടിച്ചൊതുക്കാന്‍’ പോലീസ്‌ സ്‌റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ. തസ്‌തിക തിരിച്ചു വരുന്നു

0

തിരുവനന്തപുരം: ഗുണ്ടകളെ ‘ഇടിച്ചൊതുക്കാന്‍’ പോലീസ്‌ സ്‌റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ. തസ്‌തിക തിരിച്ചു വരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും പേടിസ്വപ്‌നമായിരുന്നു സ്‌റ്റേഷനുകളിലെ പ്രിന്‍സിപ്പല്‍ എസ്‌.ഐമാര്‍. സി.ഐമാരെ ഇന്‍സ്‌പെക്‌ടര്‍ എസ്‌.എച്ച്‌.ഒമാരാക്കിയതോടെ ഈ തസ്‌തിക കാലഹരണപ്പെട്ടിരുന്നു.
കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണു പുതിയ നീക്കം. എസ്‌.എച്ച്‌.ഒമാര്‍ക്ക്‌ തൊട്ടുതാഴെ ഇനി പ്രിന്‍സിപ്പല്‍ എസ്‌.ഐമാരായിരിക്കും. എല്ലാ ജില്ലകളിലും പുതിയതായി ഗുണ്ടാ സ്‌ക്വാഡും നിരീക്ഷണവിഭാഗവും രൂപവത്‌കരിക്കുന്ന കാര്യവും പരിഗണനയിലാണ്‌.
ഗുണ്ടകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുക, ഡി.ജെ. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളുടെ ലൈസന്‍സ്‌ റദ്ദാക്കുക, ലഹരി ഉപയോഗത്തിന്‌ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുക തുടങ്ങിയ സാധ്യതകളും തേടുന്നുണ്ട്‌. അതിനിടെ, സസ്‌പെന്‍ഷനിലായ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ വധഭീഷണി മുഴക്കിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. ഗുണ്ടാ ബന്ധത്തെത്തുടര്‍ന്ന്‌ നടപടി നേരിട്ട മംഗലപുരം എ.എസ്‌.ഐ: ജയന്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥന്‍ സാജിദിനുനേരേ ഭീഷണി മുഴക്കിയെന്നാണ്‌ പരാതി. സ്‌പെഷല്‍ ബ്രാഞ്ച്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ തന്നെ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നാരോപിച്ചായിരുന്നു ഭീഷണി. കഴക്കൂട്ടം പോലീസ്‌ അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here