വടക്ക്‌ തണുത്തുറയല്‍, തെക്ക്‌ വെന്തുരുകല്‍…രാജ്യത്ത്‌ അപൂര്‍വ പ്രതിഭാസം

0


തിരുവനന്തപുരം : രാജ്യം കടന്നുപോകുന്നത്‌ അപൂര്‍വ കലാവസ്‌ഥാ പ്രതിഭാസത്തിലൂടെ. ലോകമാകെ അതിശൈത്യത്തിന്റെ പിടിയിലമരുമ്പോള്‍ ഇന്ത്യയിലെ സ്‌ഥിതി ഭിന്നമാണ്‌. ഉത്തരേന്ത്യ തണുത്തുറയുമ്പോള്‍ ദക്ഷിണേന്ത്യ വെന്തുരുകുകയാണ്‌. അമേരിക്കയും മറ്റു യൂറേപ്യന്‍ രാജ്യങ്ങളുമൊക്കെ അതിശൈത്യത്തിന്റെ പിടിയിലാണ്‌. ഇതിനു സമാനമാണ്‌ ഇന്ത്യയില്‍ വടക്കന്‍ സംസ്‌ഥാനളുടെ സ്‌ഥിതി. എന്നാല്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കഴിഞ്ഞുപോയത്‌ ഏറ്റവും തണുപ്പുകുറഞ്ഞ മാസമാണ്‌.
ഇന്ത്യന്‍ കാലാവസ്‌ഥാ കേന്ദ്രത്തിന്റെ(ഐ.എം.ഡി) പഠനത്തിലാണ്‌ ഈ അപൂര്‍വ പ്രതിഭാസം കണ്ടെത്തിയത്‌. 122 വര്‍ഷത്തിനിടെ ഡിസംബറില്‍ താപവര്‍ധന അനുഭവപ്പെടുന്നത്‌ അഞ്ചാം തവണ(2022 ല്‍)യാണെന്നാണു കണ്ടെത്തല്‍.
കരളം, തമിഴ്‌നാട്‌, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ ഡിസംബറിലെ കൂടിയ താപനില ഇതുവരെ ശരാശരി 29.79 ഡിഗ്രി സെല്‍ഷ്യസായിരുന്നത്‌ ഈ വര്‍ഷം 30.47 ആയി ഉയര്‍ന്നു. 0.68 ഡിഗ്രി വര്‍ധനയാണുണ്ടായിരിക്കുന്നത്‌.
രാജ്യതലസ്‌ഥാനം ഉള്‍പ്പടെ വടക്കേയിന്ത്യ തണുത്തു വിറയ്‌ക്കുമ്പോഴാണിത്‌്. ഡല്‍ഹി നഗരത്തിലെ പ്രധാന നിരീക്ഷണകേന്ദ്രമായ സഫ്‌ദര്‍ജങ്ങില്‍ ഇന്നലെ രാവിലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരുന്നു. അയാ നഗറില്‍ കുറഞ്ഞ താപനില 2.6 ഉം ലോധി റോഡില്‍ 2.8 ഉം പാലത്തില്‍ 5.2 ഉം രേഖപ്പെടുത്തി. തണുപ്പു കൂടിയതോടെ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ രക്‌തസമ്മര്‍ദം വര്‍ധിച്ചും രക്‌തം കട്ടപിടിച്ചും ഒരാഴ്‌ചക്കിടെ മരിച്ചത്‌ 98 പേര്‍. ശനിയാഴ്‌ച മാത്രം 14 മരണം റിപ്പോര്‍ട്ട്‌ ചെയ്‌തു. 44 പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും 54 പേര്‍ അല്ലാതെയുമാണു മരിച്ചത്‌.
ദക്ഷിണേന്ത്യയില്‍ ഒന്നേകാല്‍ നൂറ്റാണ്ടിനിടെ ശരാശരി തണുപ്പ്‌ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ വര്‍ഷമാണ്‌ ഇക്കുറി. 22.97 ഡിഗ്രി. 2015 (22.66), 2019 (22.58) എന്നിവയാണ്‌ ഇതിനുമുമ്പ്‌ തണുപ്പ്‌ കുറവു രേഖപ്പെടുത്തിയ മറ്റു വര്‍ഷങ്ങള്‍.
കഴിഞ്ഞ ഡിസംബറിന്‌ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഉയര്‍ന്ന ചൂട്‌ 30.47 ഡിഗ്രി രേഖപ്പെടുത്തിയതോടെ രാജ്യത്ത്‌ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ അധികരിച്ചു. 2015 (31.3), 2012 (30.87), 2016 (30.71) 2011 (30.52) എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനുമുമ്പ്‌ താപനില ഉയര്‍ന്നത്‌.
രാത്രികാലത്ത്‌ അനുഭവപ്പെടുന്ന കുറഞ്ഞ താപനിലയിലും മാറ്റം പ്രകടമാണ്‌. ഡിസംബറില്‍ ദക്ഷിണേന്ത്യയില്‍ അനുഭവപ്പെട്ടിരുന്ന ശരാശരി കുറഞ്ഞ താപനില 20.97 ഡിഗ്രിയില്‍നിന്ന്‌ 22.97 ആയി. അതേസമയം രാജ്യത്ത്‌ ഡിസംബറിലെ കൂടിയ താപനില 26.53 ഡിഗ്രിയില്‍നിന്ന്‌ 27.32 ആയി ഉയര്‍ന്നു. 0.79 ഡിഗ്രിയുടെ വര്‍ധന.
2016 നു ശേഷമുള്ള (27.75) ഏറ്റവും ഉയര്‍ന്ന താപനിലയാണിത്‌. ഡിസംബറിലെ കുറഞ്ഞ താപനിലയുടെ ദീര്‍ഘകാല ശരാശരി 14.44 ആയിരുന്നത്‌ ഈ വര്‍ഷം 15.65 ആയി. 1.31 ഡിഗ്രിയുടെ വര്‍ധന. ഇതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യയിലുമുണ്ടായി. ഡിസംബറില്‍ അനുഭവപ്പെട്ടിരുന്ന കൂടിയ താപനിലയും കുറഞ്ഞ താപനിലയും ചേര്‍ന്നുള്ള ശരാശരി താപനില ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 21.49 ഡിഗ്രിയാണ്‌ ഈ ഡിസംബറില്‍ കണക്കാക്കിയത്‌.
അതേസമയം ഇന്നുവരെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശീതതരംഗം തുടരുമെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഡല്‍ഹിയിലും സമീപ സംസ്‌ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്‌ അനുഭവപ്പെടുന്നുണ്ട്‌. എന്നാല്‍ ഇപ്പോഴത്തെ സ്‌ഥിതിയില്‍ പൊടുന്നനെ തണുപ്പു കുറയാന്‍ സാധ്യത കുറവാണ്‌.
രാജ്യത്തിന്റെ രണ്ടറ്റത്തും വിത്യസ്‌ത കാലാവസ്‌ഥ വന്നത്‌ ആരോഗ്യ-കൃഷി കാര്യങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here