മകരവിളക്കിനു മുന്നോടിയായി സന്നിധാനം തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു

0


ശബരിമല: മകരവിളക്കിനു ദിനങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനം തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. പാണ്ടിത്താവളത്തും കൊപ്രാക്കളത്തിനു സമീപവും അടുത്ത ദിവസം മുതല്‍ തമ്പടിക്കുന്ന തീര്‍ഥാടകര്‍ പര്‍ണശാലകള്‍ കെട്ടി വിരിവച്ചു തുടങ്ങും. തീപിടിത്ത സാധ്യത ഒഴിവാക്കാനായി പര്‍ണശാലകളില്‍ ആഹാരസാധനങ്ങള്‍ പാകം ചെയ്യുന്നതിന്‌ അഗ്‌നിരക്ഷാസേനയും പോലീസും കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌.
മകരവിളക്ക്‌ ഉത്സവത്തിനു നടതുറന്നശേഷം ലക്ഷത്തിലധികം തീര്‍ഥാടകരാണ്‌ പ്രതിദിനം ശബരിമലയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. ജ്യോതിദര്‍ശനം ലക്ഷ്യമാക്കി മലചവിട്ടുന്ന ഇതര സംസ്‌ഥാന തീര്‍ഥാടകരില്‍ 25 ശതമാനത്തോളം പില്‍ഗ്രിം സെന്ററുകളിലും മറ്റു വിരിയിടങ്ങളിലുമായി ഞായറാഴ്‌ച മുതല്‍ തമ്പടിച്ചു തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തി. താഴെ തിരുമുറ്റം, വടക്കേനടയുടെ ഭാഗത്തെ തുറസായ സ്‌ഥലം, മാളികപ്പുറം ക്ഷേത്രത്തിനു മുന്നിലെ തുറസായ സ്‌ഥലം, വാവര്‍ നടയുടെ മുന്‍വശം, വലിയ നടപ്പന്തല്‍, മാളികപ്പുറം നടപ്പന്തല്‍ എന്നിവിടങ്ങള്‍ നിറഞ്ഞു. അന്നദാനമണ്ഡപത്തില്‍ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. വഴിപാടുസാധനങ്ങള്‍ വാങ്ങാന്‍ സന്നിധാനത്തെ മൂന്നു മണ്ഡപങ്ങളിലും നീണ്ട ക്യൂവാണ്‌.
തിരക്ക്‌ നിയന്ത്രിക്കുക എന്നതാണ്‌ പോലീസ്‌ നേരിടുന്ന പ്രധാന വെല്ലുവിളി. മകരവിളക്കുദിനം കാത്ത്‌ ശബരിമലയില്‍ തങ്ങുന്ന പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ക്ക്‌ ശുദ്ധജലം അടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്നത്‌ ദേവസ്വം ബോര്‍ഡിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്‌. മകരവിളക്ക്‌ ദിനമായ 14 ന്‌ മൂന്നു ലക്ഷത്തിലധികം തീര്‍ഥാടകര്‍ ജ്യോതിദര്‍ശനത്തിനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ കണ്ടു തൊഴാനുമായി സന്നിധാനത്തും സമീപപ്രദേശങ്ങളിലും നിലയുറപ്പിക്കുമെന്നാണു കണക്കുകൂട്ടല്‍. ജ്യോതിദര്‍ശനത്തിനുശേഷം കൂട്ടത്തോടെ മലയിറങ്ങുന്ന തീര്‍ഥാടകരുടെ തിരക്ക്‌ നിയന്ത്രണാതീതമാകാതിരിക്കാന്‍ പോലീസ്‌ പ്രത്യേക ബന്തവസ്‌ സ്‌കീം നടപ്പാക്കുന്നുണ്ട്‌. തീര്‍ഥാടകരുടെ മടക്കയാത്രയ്‌ക്കായി ആയിരത്തോളം ബസുകളാണ്‌ കെ.എസ്‌.ആര്‍.ടി.സി. അധികമായി ഒരുക്കിയിരിക്കുന്നത്‌.

സ്വദേശി ദര്‍ശന്‍: തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍

ശബരിമല: സ്വദേശി ദര്‍ശന്‍ തീര്‍ഥാടക പദ്ധതി പ്രകാരം അനുവദിച്ച തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍. 2017 മാര്‍ച്ചില്‍ അനുവദിച്ച 100 കോടി രൂപ 54 കോടിയായി വെട്ടിച്ചുരുക്കിയതായി അറിയിച്ച്‌ കത്ത്‌ ലഭിച്ചു. നേരത്തേ തയാറാക്കി നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. നിലവിലുള്ള പദ്ധതികള്‍ ഡിസംബര്‍ 31 നു മുന്‍പ്‌ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കേന്ദ്ര ടൂറിസം വകുപ്പിന്റെ ഉത്തരവ്‌. തുക വെട്ടിക്കുറച്ചതിനു വ്യക്‌തമായ കാരണങ്ങള്‍ പറയുന്നില്ല.
തീര്‍ഥാടന കാലമായ നവംബര്‍ മുതല്‍ ജനുവരി വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സ്‌ഥിതിയുണ്ട്‌. ശബരിമലയ്‌ക്ക്‌ അനുയോജ്യവും ഭക്‌തരുടെ ആവശ്യമറിഞ്ഞുമുള്ള പദ്ധതികളല്ല രൂപപ്പെടുത്തിയതെന്ന്‌ ആക്ഷേപമുണ്ട്‌. ഏറ്റവും പ്രധാനപ്പെട്ട പ്രസാദം കോംപ്ലക്‌സിന്റെ നിര്‍മാണം തുടങ്ങാനായില്ല. വാസ്‌തുശാസ്‌ത്ര പ്രകാരം ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ ഭാഗത്താണ്‌ ഇതു വരേണ്ടത്‌. ഇതിന്‌ നിലവിലുളള കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും.
അതിനു കാലതാമസം എടുക്കും. നിലവില്‍ ശ്രീകോവിലിനു സമീപം എക്‌സിക്യൂട്ടീവ്‌ ഓഫീസിനും മേല്‍ശാന്തിമുറിക്കും താഴെയായാണ്‌ പ്ലാന്റ്‌ പ്രവര്‍ത്തിക്കുന്നത്‌. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി കടന്നുപോകുകയും ഉയര്‍ന്ന താപത്തില്‍ പ്രവര്‍ത്തിക്കുകും ചെയ്യുന്ന പ്ലാന്റില്‍നിന്ന്‌ അഗ്‌നിബാധയോ മറ്റോ ഉണ്ടായാല്‍ അത്‌ ക്ഷേത്രസമുച്ചയത്തെ ബാധിക്കും. അതിനാല്‍ പ്ലാന്റ്‌ ഇവിടെനിന്നു മാറ്റണമെന്ന്‌ അഗ്‌നിശമനസേന വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. പ്ലാന്റില്‍ നിന്നുയരുന്ന ചൂടുമൂലം മേല്‍ശാന്തിമുറിയിലും എക്‌സിക്യൂട്ടീവ്‌ ഓഫീസിലും നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here