സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിച്ചു

0

സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിച്ചു. അടുത്ത മാസം ഒന്നു മുതല്‍ നാലു മാസത്തേക്ക്‌ യൂണിറ്റിന്‌ 9 പൈസ നിരക്കില്‍ വര്‍ധിപ്പിക്കുന്നതിനാണ്‌ റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിന്‌ അനുമതി നല്‍കിയത്‌.
വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിച്ച്‌ ആറുമാസം കഴിയുന്നതിന്‌ മുന്‍പാണ്‌ വീണ്ടും നിരക്ക്‌ കൂട്ടുന്നത്‌. ഇപ്പോള്‍ നല്‍കിയിട്ടുള്ള അനുമതിപ്രകാരം ഈ വര്‍ധന മേയ്‌ 31 വരെ തുടരും. മാസം 40 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക്‌ (1000 വാട്ടില്‍ താഴെ കണക്‌ടഡ്‌ ലോഡ്‌) വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍നിന്ന്‌ യൂണിറ്റിന്‌ ഒന്‍പതു പൈസ വീതം നാലു മാസത്തേക്ക്‌ ഇന്ധന സര്‍ചാര്‍ജ്‌ പിരിച്ചെടുക്കാനാണ്‌ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്‌.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതുമൂലം ബോര്‍ഡിനുണ്ടായ അധികച്ചെലവ്‌ നികത്തുന്നതിനാണ്‌ ഉപയോക്‌താക്കളെ പിഴിയുന്നത്‌. ഈയിനത്തില്‍ അധികം ചെലവായ 87.07 കോടി രൂപയാണ്‌ ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്‌. സര്‍ചാര്‍ജ്‌ തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന്‌ 14 പൈസ സര്‍ചാര്‍ജ്‌ ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. അത്‌ ഒന്‍പതു പൈസയായി കമ്മിഷന്‍ നിശ്‌ചയിക്കുകയായിരുന്നു.
2021 ഒകേ്‌ടാബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയും കഴിഞ്ഞവര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെയുമുള്ള കാലയളവില്‍ യൂണിറ്റിനു മൂന്നു പൈസ വീതം സര്‍ചാര്‍ജ്‌ ചുമത്തണമെന്നും ബോര്‍ഡ്‌ ആവശ്യപ്പെട്ടിരുന്നു. ഇതു തല്‍ക്കാലം പരിഗണിക്കേണ്ടെന്നും ബോര്‍ഡിന്റെ കണക്കുകള്‍ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാല്‍ മതിയെന്നും കമ്മിഷന്‍ തീരുമാനിച്ചു. കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉല്‍പ്പാദന രംഗത്ത്‌ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ്‌ ഈ തുക പിരിച്ചെടുക്കുന്നതെന്ന്‌ മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here