ജഡ്‌ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി , ഊരാക്കുടുക്കായി റാന്നി കേസ്‌

0


കൊച്ചി : പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം പത്തനംതിട്ട, റാന്നിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പ്രതികളുടെ മുന്‍കൂര്‍ജാമ്യ ഉത്തരവ്‌ ഹൈക്കോടതി തിരിച്ചുവിളിക്കാനിടയായ അപൂര്‍വസംഭവം നിയമവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. പ്രതികള്‍ക്കായി ഹാജരായ വിവാദ അഭിഭാഷകന്‍ സൈബി ജോസ്‌ കിടങ്ങൂരിനുമേല്‍ കുരുക്കു മുറുകുന്നതിനിടെ, കേസില്‍ പ്രോസിക്യൂഷനും ഒത്തുകളിച്ചതായി ആരോപണം.
പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം നല്‍കിയ നടപടി ചോദ്യംചെയ്യപ്പെട്ടതിനേത്തുടര്‍ന്നാണ്‌ ഉത്തരവ്‌ കോടതി തിരിച്ചുവിളിച്ചത്‌. കേസില്‍ വീണ്ടും വാദം കേട്ടശേഷമാകും അന്തിമതീരുമാനം.
റാന്നി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ (1308/2021) പ്രതികളായ മക്കപ്പുഴ വേളപ്ലാമുറിയില്‍ ബൈജു സെബാസ്‌റ്റ്യന്‍, അരയാന്തറ വീട്ടില്‍ ജിജോ വര്‍ഗീസ്‌ ജോര്‍ജ്‌ എന്നിവര്‍ക്കാണു കഴിഞ്ഞ ഏപ്രില്‍ 29-നു ഹൈക്കോടതി മുന്‍കൂര്‍ജാമ്യമനുവദിച്ചത്‌. റാന്നി പ്ലാച്ചേരി ഹരാലിയേത്ത്‌ വീട്ടില്‍ ടി. ബാബു, പഴവങ്ങാടിക്കര വെണ്‍പാലപ്പറമ്പില്‍ വി.ആര്‍. മോഹനന്‍ എന്നിവരായിരുന്നു പരാതിക്കാര്‍. 2021 ജനുവരി 13-നാണ്‌ അഡ്വ. സൈബി ജോസ്‌ കിടങ്ങൂര്‍ മുഖേന പ്രതികള്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയത്‌.
പലതവണ മാറ്റിവയ്‌ക്കപ്പെട്ട ഹര്‍ജിയില്‍ ഏപ്രില്‍ 19-നു പരാതിക്കാരനു റാന്നി എസ്‌.എച്ച്‌.ഒ. മുഖേന നോട്ടീസ്‌ അയയ്‌ക്കാന്‍ ഉത്തരവായി. ഏപ്രില്‍ 29-ന്‌ കോടതി മുന്‍കൂര്‍ജാമ്യമനുവദിച്ചു. പരാതിക്കാരനു നോട്ടീസ്‌ കൊടുത്തിരുന്നെന്ന പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ചായിരുന്നു ഇത്‌. എന്നാല്‍, പരാതിക്കാരനു കൈമാറാനുള്ള നോട്ടീസ്‌ ലഭിച്ചിരുന്നില്ലെന്നു റാന്നി പോലീസ്‌ ‘മംഗള’ത്തോടു പറഞ്ഞു.
പരാതിയില്‍ എന്തു നടപടിയാണുണ്ടായതെന്നറിയാന്‍ മോഹനന്‍ റാന്നി പോലീസില്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യമായെന്ന മറുപടിയാണു ലഭിച്ചത്‌. പട്ടികജാതി/വര്‍ഗ പീഡനനിരോധന നിയമപ്രകാരമുള്ള കേസില്‍ പരാതിക്കാരനറിയാതെ പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം നല്‍കിയതു ചോദ്യംചെയ്‌ത്‌ മറ്റൊരു പരാതിക്കാരനായ ബാബു വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഇതേത്തുടര്‍ന്നാണു കഴിഞ്ഞ 23-ന്‌ മുന്‍കൂര്‍ജാമ്യ ഉത്തരവ്‌ കോടതി തിരിച്ചുവിളിച്ചത്‌. പരാതിക്കാര്‍ക്കു നോട്ടീസ്‌ നല്‍കാതെയാണു ജാമ്യമനുവദിച്ചതെന്നു ബോധ്യപ്പെട്ടതായി കോടതി വ്യക്‌തമാക്കുകയും ചെയ്‌തു. ഇതാണു പ്രോസിക്യൂഷനെ സംശയനിഴലിലാക്കുന്നത്‌.

Leave a Reply