കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ ഫോൺ സന്ദേശഭീഷണിമുഴക്കിയ യുവാവ് അറസ്റ്റിൽ

0

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ ഫോൺ സന്ദേശഭീഷണിമുഴക്കിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ സിറ്റിയിലെ നാലുവയൽ സ്വദേശി റിയാസാ(29)ണ് പൊലിസ് പിടിയിലായത്. മദ്യലഹരിയിലാണ് ഫോൺ ഭീഷണിമുഴക്കിയതെന്നു ഇയാൾ പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ടോൾ ഫ്രീനമ്പറായ 112-ൽ വിളിച്ചയാളെ കണ്ണൂർ ടൗൺ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. കണ്ണൂർ ടൗൺ എസ്. ഐ സി. എച്ച് നസീബിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്‌ച്ച രാത്രി എട്ടുമണിക്കാണ് അടിയന്തിരസഹായത്തിനുള്ള പൊലിസ് എമർജൻസി നമ്പറായ 112-ലേക്ക് ഫോൺവിളിയെത്തിയത്. ഇ. ആർ. എസ്. എസ് ( എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) പ്രകാരം കോൾ തിരുവനന്തപുരം സർവറിലെത്തി അവിടെ നിന്നും കണ്ണൂർ സിറ്റി പൊലിസിലേക്ക് മേസെജ് വരികയായിരുന്നു. ഇതു പ്രകാരം 112-ലേക്ക് വിളിച്ച മൊബൈൽ ഫോൺ പൊലിസ് തിരിച്ചറിയുകയായിരുന്നു. ഈ നമ്പർ ഉടമയെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്തപ്പോൾ ഇതു കുറച്ചു നാളായി റിയാസാണ് ഉപയോഗിക്കുന്നതെന്നു മൊഴിനൽകുകയായിരുന്നു.

വ്യാജ ബോംബ് ഭീഷണികാരണം ചൊവ്വാഴ്‌ച്ച രാത്രി മണിക്കൂറുകളോളം കണ്ണൂർ റെയിൽവെ സ്റ്റേഷനിലും പരിസരങ്ങളിലും പൊലിസ് അരിച്ചു പൊറുക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ്, ശ്വാനവിഭാഗം ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. റെയിൽവെ സുരക്ഷാ സേന, റെയിൽവെ പൊലിസ്, എന്നിവയുമായി ചേർന്നായിരുന്നു സംയുക്ത പരിശോധന നടത്തിയത്.

സ്റ്റേഷനിലെത്തിയ ട്രെയിനുകളിലും പരിശോധന നടത്തി. ആർ. പി. എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, എസ്. ഐ ടി.വിനോദ്, ടൗൺ എസ്. ഐ കെ.പുരുഷോത്തമൻ, ബോംബ് സ്‌ക്വാഡ് എസ്. ഐ എം.സി ജിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here