കണ്ണൂരിൽ ജ്യേഷ്ഠൻ നിർത്തിയിടത്തുനിന്നും തുടങ്ങിയ അനുജന് ട്രിപ്ൾ സ്വർണനേട്ടത്തോടെ തലസ്ഥാനത്ത് നിന്നും തലയയുയർത്തി മടക്കം

0

കണ്ണൂരിൽ ജ്യേഷ്ഠൻ നിർത്തിയിടത്തുനിന്നും തുടങ്ങിയ അനുജന് ട്രിപ്ൾ സ്വർണനേട്ടത്തോടെ തലസ്ഥാനത്ത് നിന്നും തലയയുയർത്തി മടക്കം. ജൂനിയർ ആൺകുട്ടികളുടെ 3000, 1500, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ മൂന്നിലും സ്വർണം നേടിയ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ. ബിജോയ് ആണ് തന്‍റെ ആദ്യ സ്കൂൾമീറ്റ് അവിസ്മരണീയമാക്കി മടങ്ങുന്നത്. സഹോദരനും ദേശീയതാരവുമായ റിജോയ്ക്കൊപ്പം പരിശീലനം നടത്തിയാണ് ബിജോയ് ഈ നേട്ടം കൈവരിച്ചത്.

കണ്ണൂരിൽ അവസാനം നടന്ന സ്കൂൾ കായികമേളയിൽ 1500, 3000 മീറ്റർ മത്സരങ്ങളിൽ റിജോയ് സ്വർണം നേടിയാണ് സ്കൂൾ മേളയോട് വിടപറഞ്ഞത്. വീട്ടിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ച് ചിറ്റൂർ കോളജിലെത്തിയാണ് ബിജോയിയുടെ പരിശീലനം. എന്നാൽ, ചിറ്റൂർ കോളജിലെ ട്രാക്ക് ശരിയാകാത്തതിനെ തുടർന്ന് ഇപ്പോൾ പാലക്കാട് മെഡിക്കൽ കോളജിലാണ് പരിശീലനം.

രാവിലെ അഞ്ചിന് എഴുന്നേറ്റ് യാത്ര ചെയ്ത് ആറരയോടെ പരിശീലനത്തിനെത്തി രണ്ടു മണിക്കൂർ പരിശീലനത്തിനു ശേഷം സ്കൂളിൽ എത്തുമ്പോൾ 11ആകും. ബിജോയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് കായികാധ്യാപകനായ വേലുക്കുട്ടി പറഞ്ഞു. ബിജോയിക്കും സഹോദരനും സൗജന്യമായാണ് കോഴിക്കോട് പുതുപ്പാടി ജി.എച്ച്.എസ്.എസിലെ അധ്യാപകൻ കൂടിയായ അരവിന്ദാക്ഷൻ പരിശീലനം നൽകുന്നത്.

പട്ടഞ്ചേരി കമ്പാലത്തറ വേലൂരിൽ ചെത്തുതൊഴിലാളിയായ പി. ജയശങ്കർ-വി. റീന ദമ്പതികളുടെ മകനായ ബിജോയിയും സഹോദരനും പട്ടഞ്ചേരി സ്കൂളിലായിരുന്നു പഠനം. ഓടി മെഡലുകൾ സ്വന്തമാക്കുമ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ ഈ കായികതാരത്തിന്‍റെ പ്രതീക്ഷകൾക്ക് മേലും കരിനിഴൽ വീഴ്ത്തുന്നുണ്ട്.

Leave a Reply