ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി

0

ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി. മുൻ ചാമ്പ്യന്മാരായ സ്‌പെയിനെ അട്ടിമറിച്ച് ഏഷ്യൻ കരുത്തരായ ജപ്പാൻ പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ ഒന്നാം പകുതിയിൽ നിർണായക ലീഡ് നേടിയ സ്പാനിഷ് പടയെ ഞെട്ടിച്ച് രണ്ടാം പകുതിയിൽ ജപ്പാൻ ഗംഭീര തിരിച്ചുവരവ് നടത്തി. 48ാം മിനിറ്റിൽ റിറ്റ്‌സു ഡോവൻ ആണ് സ്‌പെയിനെ വിറപ്പിച്ച് ആദ്യം ഗോൾവല കുലുക്കിയത്. തൊട്ടുപിന്നാലെ സ്‌പെയിൻ വലയിലേക്ക് തനാക രണ്ടാമത്തെ വെടിയുണ്ട പായിച്ചു. തോൽവി വഴങ്ങിയെങ്കിലും രണ്ടാം സ്ഥാനക്കാരായി സ്‌പെയിൻ പ്രീക്വാർട്ടറിലെത്തി.

കളി ആദ്യ പകുതി കഴിഞ്ഞപ്പോൾ സ്‌പെയിനായിരുന്നു ഒരു ഗോളിന് മുന്നിൽ. എന്നാൽ രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ 2010ലെ ചാമ്പ്യന്മാരെ ജപ്പാൻ വിറപ്പിക്കുകയായിരുന്നു. രണ്ടാമത്തേത് ഗോളാണെന്നതിൽ സംശയമുണ്ടായതോടെ റഫറി വാർ വിളിച്ചു.

പന്ത് ഔട്ട്‌ലൈന് കടന്നു എന്ന സംശയമാണ് വാർ വിളിക്കാൻ കാരണമായത്. എന്നാൽ റിപ്ലെയിൽ പന്ത് പൂർണമായും ഔട്ട്‌ലൈൻ കടന്നില്ലെന്ന് മനസിലായതോടെ റഫറി ഗോൾ ജപ്പാന് അനുകൂലമായി വിധിക്കുകയുമായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ നേടിയ ജപ്പാൻ, സ്‌പെയിനെതിരെ ലീഡ് പിടിച്ചു. പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡൊവാൻ (48ാം മിനിറ്റ്), ആവോ ടനാക (52ാം മിനിറ്റ്) എന്നിവരാണ് ജപ്പാന്റെ ഐതിഹാസിക ജയത്തിന് വഴിയൊരുക്കിയത്. സ്‌പെയിനിന്റെ ഗോൾ ആദ്യപകുതിയുടെ പതിനൊന്നാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ വകയായിരുന്നു.

ആദ്യപകുതിയിൽ പന്തടക്കത്തിൽ ഏറെ പിന്നിലായിപ്പോയെങ്കിലും, കിട്ടിയ അവസരങ്ങളിലെല്ലാം സ്‌പെയിനെ വിറപ്പിച്ച ജപ്പാന്, രണ്ടാം പകുതിയിലാണ് അതിന്റെ പ്രതിഫലം ലഭിച്ചത്. രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാൻ ലീഡു നേടി. സ്‌പെയിനിന്റെ പ്രതിരോധപ്പാളിച്ചയിൽ നിന്നായിരുന്നു ജപ്പാന്റെ ആദ്യ ഗോളിന്റെ പിറവി

LEAVE A REPLY

Please enter your comment!
Please enter your name here