ഗ്രൂപ് ഇയിലെ അവസാന റൗണ്ടിൽ കോസ്റ്ററീക്കക്കെതിരെ മികച്ച വിജയം നേടിയിട്ടും മുൻ ചാമ്പ്യന്മാരായ ജർമനിക്ക് കണ്ണീർമടക്കം

0

ഗ്രൂപ് ഇയിലെ അവസാന റൗണ്ടിൽ കോസ്റ്ററീക്കക്കെതിരെ മികച്ച വിജയം നേടിയിട്ടും മുൻ ചാമ്പ്യന്മാരായ ജർമനിക്ക് കണ്ണീർമടക്കം.

ഗ്രൂപിൽ ഒരോ വീതം ജയവും തോൽവിയും സമനിലയുമായി നാലു പോയന്‍റുള്ള ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ് ഘട്ടത്തിൽ പുറത്താകുന്നത്.

നാലു പോയന്‍റുള്ള സ്പെയിൻ ഗോൾശരാശരിയിൽ പ്രീ ക്വാർട്ടറിലേക്ക് കടന്നു. ജപ്പാൻ സ്പെയിനെ അട്ടിമറിച്ചതാണ് ജർമനിയുടെ സ്വപ്നങ്ങൾ തകർത്തത്.

രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കോസ്റ്ററീകക്കെതിരെ ജർമനിയുടെ ജയം. ആദ്യ പകുതിയിൽ ഒരു ഗോൾ നേട്ടവുമായി മുന്നിട്ടുനിന്ന ജർമനിയെ, രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി കോസ്റ്ററീക വിറപ്പിച്ചെങ്കിലും പിന്നീട് കീഴടങ്ങി. സമനിലയായാൽ പോലും പ്രീ ക്വാർട്ടറിൽ കടക്കാമായിരുന്ന പ്രതീക്ഷയിലായിരുന്നു കോസ്റ്ററിക.

ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല ജർമനി കളത്തിലിറങ്ങിയത്. കളിയിലൂടനീളം ആധിപത്യം പുലർത്തിയ ജർമനിയുടെ ഗോളെന്നു തോന്നിക്കുന്ന പല നീക്കങ്ങളും ദൗർഭാഗ്യം കൊണ്ടുമാത്രമാണ് ലക്ഷ്യത്തിലെത്താതെ പോയത്. കെയ് ഹാവർട്സിന്റെ ഇരട്ടഗോളുകളും (73, 85), സെർജിയോ നാബ്രി (10), നിക്കോള ഫുൽക്രുഗ് (89) എന്നിവരുടെ ഗോളുകളുമാണ് ജർമനിക്ക് വിജയം സമ്മാനിച്ചത്. കോസ്റ്ററീകക്കായി ടെജേദ (58), വർഗാസ് (70) എന്നിവർ വലകുലുക്കി.

Leave a Reply