ലോകകപ്പ് ഡ്യൂട്ടിക്കിടെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് താഴെ വീണു; കെനിയൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

0

ദോഹ: ഖത്തറിലെ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ പ്രധാന വേദികളിൽ ഒന്നായ ലുസൈൽ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. കെനിയൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരനാണ് ഡ്യൂട്ടിക്കിടെ സ്റ്റേഡിയത്തിലെ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ചത്. കുടിയേറ്റ തൊഴിലാളിയായ ജോൺ നു കിബുവെയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഡ്യൂട്ടിക്കിടെ ഇയാൾ എട്ടാം നിലയിൽ നിന്ന് താഴെ വീണത്. 24വയസാണ് ജോണിന് പ്രായം. മരണ വിവരം ജോണിന്റെ തൊഴിലുടമ ഉറ്റവരെ അറിയിച്ചു.

അർജന്റീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ മത്സത്തിനുശേഷമാണ് കിബുവെ സ്റ്റേഡിയത്തിൽ നിന്ന് വീണത്. നവംബർ 10 നാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കിബുവെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കിബുവെ മരണത്തിന് കീഴടങ്ങിയത്. കിബുവെയുടെ മരണത്തെത്തുടർന്ന് ഖത്തർ സുപ്രീം കമ്മിറ്റി അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

അവന് നീതി നടപ്പിലാക്കാനുള്ള പോരാട്ടത്തിനുള്ള പണം തങ്ങളുടെ പക്കലില്ല എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് ആഗ്രഹമുണ്ടെന്നാണ് ജോണിന്റെ സഹോദരി ആൻവാജിറു സിഎൻഎന്നിനോട് പ്രതികരിച്ചത്. ജോണിന്റെ മരണം സംബന്ധിച്ച് സിഎൻഎൻ നടത്തിയ അന്വേഷണത്തിൽ ഇയാളെ ദോഹയിലെ ഹമദ് ജനറൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതിന്റെ രേഖകൾ ലഭിച്ചിരുന്നു. ഇതിൽ വിശദമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റും മുഖത്ത് പൊട്ടലുകളോടെയും ഇടുപ്പെല്ലിൽ പൊട്ടലുമായാണ് ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മെഡിക്കൽ സംഘത്തിന്റെ എല്ലാ പരിശ്രമങ്ങൾക്ക് ശേഷവും ജോൺ മരിച്ചതായാണ് ലോകകപ്പ് സംഘാടകർ പ്രസ്താവനയിൽ പറയുന്നത്. ഡിസംബർ 13 ചൊവ്വാഴ്ചയാണ് ജോൺ മരിച്ചതെന്നും പ്രസ്താവന വിശദമാക്കുന്നു. ഏററവുമടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും കുടുംബത്തിന്റെ ദുഃഖത്തിൽ അവരോടൊപ്പം ചേരുന്നതായും പ്രസ്താവന വിശദമാക്കുന്നു. വീഴ്ചയിൽ ജോണിന് ഗുരുതര പരിക്കേറ്റെന്ന് നേരത്തെയും സംഘാടകർ വിശദമാക്കിയിരുന്നു. ജോൺ സ്റ്റേഡിയത്തിൽ നിന്ന് വീഴാനിടയായ സാഹചര്യത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംഘാടകർ വിശദമാക്കി. എന്നാൽ ജോണിന്റെ തൊഴിലുടമയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജോണിന്റെ കുടുംബം ഉയർത്തുന്നത്.

ജോൺ വീണത് എങ്ങനെയാണെന്നോ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനോ തൊഴിലുടമ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ വനംബറിലാണ് ജോൺ ഖത്തറിലെത്തുന്നത്. അൽ സ്രായിയ സെക്യൂരിറ്റി സർവ്വീസുമായുള്ള കരാറിനെ തുടർന്നായിരുന്നു ഇത്. ലോകകപ്പ് മത്സരം ആരംഭിച്ച ശേഷം ഗൾഫ് രാജ്യത്ത് മരിക്കുന്ന രണ്ടാമത്തെ കുടിയേറ്റ തൊഴിലാളിയാണ് ജോൺ. നേരത്തെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്കിടെ മറ്റൊരു കുടിയേറ്റ തൊഴിലാളി സൗദി അറേബ്യ ടീം ഉപയോഗിച്ചിരുന്ന റിസോർട്ടിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here