അതിര്‍ത്തി കാക്കാന്‍ സേന സജ്ജം; തവാങിലെ ചൈനീസ് കടന്നുകയറ്റം പ്രതിരോധിച്ചു; രാജ്‌നാഥ് സിംഗ്

0

ന്യുഡല്‍ഹി: യഥാര്‍ത്ഥ നിയന്ത്ര രേഖയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേകം പ്രസ്താവന നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജമാണ്. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമം നടത്തി. നിയന്ത്രണ രേഖയില്‍ കടന്നുകയറാന്‍ ചൈന ശ്രമം നടത്തി. ഇന്ത്യന്‍ സേന അതിനെ ധീരതയോടെ ശക്തമായി പ്രതിരോധിച്ചു. അവരെ അവരുടെ പോസ്റ്റില്‍ തന്നെ തിരിച്ചെത്തിച്ചു.

ഡിസംബര്‍ ഒമ്പതിനുണ്ടായ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തും സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ പക്ഷത്ത് സൈനികര്‍ക്ക് ആര്‍ക്കും ജീവഹാനിയില്ല. ഇന്ത്യന്‍ സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ചാനലിലൂടെ ചൈനയുമായി ബന്ധപ്പെട്ടിരുന്നുവെന്നൂം രാജ്‌നാഥ് സിംഗ് അറിയിച്ചു. അതിര്‍ത്തിയിലുണ്ടാകുന്ന ഏതു കടന്നുകയറ്റവും ചെറുക്കാന്‍ സേന സജ്ജമാണെന്ന് പാര്‍ലമെന്റിനെ അറിയിക്കുന്നു.

അതേസമയം, തവാങ് അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം വയ്ക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ തുടങ്ങിയ കക്ഷികളാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. പ്രതിരോധമന്ത്രിയുടെ പ്രസ്ഥാവനയ്ക്ക്് പിന്നാലെ പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here