പങ്കാളിയെ കൊന്ന്‌ 35 കഷണങ്ങളാക്കി 18 ഇടത്ത്‌ ഉപേക്ഷിച്ചു; യുവാവ്‌ അറസ്‌റ്റില്‍

0


ന്യൂഡല്‍ഹി: ഒന്നിച്ചു ജീവിച്ചിരുന്ന യുവതിയെ കൊന്ന്‌ 35 കഷണങ്ങളാക്കി മുറിച്ച്‌ ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ 18 ദിവസങ്ങളിലായി 18 ഇടത്ത്‌ ഉപേക്ഷിച്ച യുവാവ്‌ അറസ്‌റ്റില്‍. ശ്രദ്ധ വാക്കര്‍ (26) എന്ന യുവതിയാണു കൊല്ലപ്പെട്ടത്‌.
ഇവരുടെ ലിവിങ്‌ ടുഗദര്‍ പങ്കാളിയായ അഫ്‌താബ്‌ അമീന്‍ പൂനാവാല (28) ആണ്‌ അറസ്‌റ്റിലായത്‌. മകളെ കാണാനില്ലെന്ന ശ്രദ്ധയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകവിവരം പുറത്തുവന്നത്‌. ആറുമാസത്തോളം സംഭവം പുറംലോകം അറിഞ്ഞില്ലെന്നതും ശ്രദ്ധേയം.
കഴിഞ്ഞ മേയ്‌ 18-നാണ്‌ സംഭവം നടന്നത്‌. അന്ന്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ശ്രദ്ധയെ അഫ്‌താബ്‌ കൊലപ്പെടുത്തുകയുമായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. കൊലയ്‌ക്കുശേഷം ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളായി മുറിച്ച്‌ അഫ്‌താബ്‌ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചു. ഇതിനായി 300 ലിറ്ററിന്റെ പുതിയ റഫ്രിജറേറ്ററും അഫ്‌താബ്‌ വാങ്ങി. തുടര്‍ന്ന്‌ 18 ദിവസങ്ങള്‍ കൊണ്ട്‌ 18 ഇടങ്ങളിലായി മൃതദേഹ ഭാഗങ്ങള്‍ ഇയാള്‍ ഉപേക്ഷിച്ചതായും പോലീസ്‌ പറഞ്ഞു.
പുലര്‍ച്ചെ രണ്ടോടെ വീടുവിട്ടിറങ്ങുന്ന അഫ്‌താബ്‌ ഡല്‍ഹി മെഹ്‌റൗളി വനമേഖലയിലെ വിവിധയിടങ്ങളിലായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കന്‍ ക്രൈം ഷോയായ “ഡെക്‌സ്‌റ്ററാ”ണ്‌ ഇത്തരത്തില്‍ കൊല നടത്താന്‍ അഫ്‌താബിന്‌ പ്രേരണയായതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേ മുംബൈയില്‍ വച്ചാണ്‌ ശ്രദ്ധ അഫ്‌താബിനെ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധം എതിര്‍ത്തതോടെ ഇരുവരും മുംബൈയില്‍നിന്ന്‌ ഡല്‍ഹിയിലെത്തി.
മെഹ്‌റൗളിയില്‍ ഫ്‌ളാറ്റ്‌ വാടകയ്‌ക്കെടുത്ത്‌ താമസം തുടങ്ങി. മേയ്‌ പകുതിയോടെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത്‌ വഴക്കിലെത്തുകയും അഫ്‌താബ്‌ ശ്രദ്ധയുടെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നെന്ന്‌ ഡി.സി.പി. അങ്കിത്‌ ചൗഹാന്‍ പറഞ്ഞു.
മുംബൈ വിട്ടശേഷം ശ്രദ്ധ തന്റെ വീട്ടുകാരുടെ ഫോണ്‍കോളുകള്‍ എടുക്കാതായി. രണ്ടു മാസത്തിലേറെയായി ശ്രദ്ധയുടെ ഫോണ്‍ സ്വിച്ച്‌ഓഫ്‌ ആണെന്ന്‌ ഒരു സുഹൃത്ത്‌ സഹോദരനെ അറിയിച്ചു. കുടുംബാംഗങ്ങള്‍ അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും ഈ കാലയളവില്‍ അപ്‌ഡേറ്റുകള്‍ നടത്തിയതായി കണ്ടതുമില്ല. തുടര്‍ന്ന്‌ മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ്‌ വികാസ്‌ മദന്‍ വാക്കര്‍ മുംബൈ പോലീസില്‍ പരാതി നല്‍കി.
നവംബര്‍ എട്ടിന്‌ വികാസ്‌ മദന്‍ വാക്കര്‍ മകളെ അന്വേഷിച്ച്‌ ഡല്‍ഹിയിലെത്തിയെങ്കിലും അവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ്‌ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന്‌ ഡല്‍ഹി മെഹ്‌റൗളി പോലീസിലും പരാതി നല്‍കി.
അഫ്‌താബ്‌ തന്നെ അടിക്കാറുണ്ട്‌ എന്ന്‌ ശ്രദ്ധ നേരത്തേ തന്നോട്‌ പറഞ്ഞിരുന്നതായും പിതാവ്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ശനിയാഴ്‌ച അഫ്‌താബിനെ അറസ്‌റ്റ്‌ പോലീസ്‌ ചെയ്‌തു. മെഹ്‌റൗളി വനത്തില്‍നിന്ന്‌ ചില മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തതായി പോലീസ്‌ പറഞ്ഞു. എന്നാല്‍ അവ മനുഷ്യന്റേതാണോയെന്ന കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഷെഫായി പരിശീലനം നേടിയ പ്രതി, മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസം പോലീസ്‌ കസ്‌റ്റഡിയില്‍വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here