ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിസ തട്ടിപ്പ്‌; വീട്ടമ്മ അറസ്‌റ്റില്‍

0


അമ്പലപ്പുഴ: ചോക്ലേറ്റ്‌ കമ്പനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിസ തട്ടിപ്പ്‌ നടത്തിയെന്ന കേസില്‍ വീട്ടമ്മ അറസ്‌റ്റില്‍. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ 14-ാം വാര്‍ഡ്‌ പൂമീന്‍ പൊഴിക്കു സമീപം ശരവണഭവനില്‍ ശശികുമാറിന്റെ ഭാര്യ രാജിമോളെ(38)യാണു പുന്നപ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പണം നല്‍കിയവര്‍ കഴിഞ്ഞദിവസം സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്‌ സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു.
വിസ നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌ത്‌ നൂറോളം പേരില്‍നിന്ന്‌ 50,000 മുതല്‍ 65,000 രൂപ വരെയാണ്‌് ഇവര്‍ വാങ്ങിയത്‌. ചിലരെ വിദേശത്തു കൊണ്ടുപോയെങ്കിലും ജോലി ലഭ്യമായിരുന്നില്ല. ഭക്ഷണംപോലും കിട്ടാതെയും വന്നു. വിദേശത്ത്‌ ചോക്ലേറ്റ്‌ കമ്പനിയിലെ വിവിധ വിഭാഗങ്ങളില്‍ ജോലി വാഗ്‌ദാനം നല്‍കിയാണു പണം വാങ്ങിയത്‌. രാജിമോളുടെ ഭര്‍ത്താവ്‌ ചോക്ലേറ്റ്‌ കമ്പനിയിലാണു ജോലി ചെയ്യുന്നതെന്നാണു പറയുന്നത്‌.
രണ്ടുമാസം മുമ്പ്‌ വിദേശത്തു കൊണ്ടുപോയവരില്‍ പലര്‍ക്കും ജോലികിട്ടാതെ വന്നതോടെ അവര്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന്‌ മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട്‌ രാജിമോള്‍ക്കെതിരേ പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഞായറാഴ്‌ച രാജിമോളെ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയതറിഞ്ഞ്‌ പണം കൊടുത്തവര്‍ തടിച്ചുകൂടി. കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയ പണം തിരിച്ചുകൊടുക്കാമെന്നും മറ്റുള്ളവരുടെ പണം പിന്നീടു നല്‍കാമെന്നും രാജിമോള്‍ പറഞ്ഞെങ്കിലും പരാതിക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ്‌ ഇവര്‍ക്കെതിരേ കേസെടുത്തത്‌

LEAVE A REPLY

Please enter your comment!
Please enter your name here