അന്ന്‌ അഭയാര്‍ഥി; ഇന്ന്‌ ലോകകപ്പ്‌ ടീമില്‍

0


ഒട്ടാവ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള കനേഡിയന്‍ ടീമില്‍ ലെഫ്‌റ്റ് ബാക്ക്‌ അല്‍ഫോന്‍സോ ഡേവിഡ്‌ ഉണ്ടാകില്ലെന്ന ആശങ്കകള്‍ക്കു വിരാമം. കോച്ച്‌ ജോണ്‍ ഹെര്‍ഡ്‌മാന്‍ പുറത്തുവിട്ട 26 അംഗ ടീമില്‍ ഡേവിസും ഇടംപിടിച്ചു. ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെട്ടതിനു പിന്നാലെ ഡേവിസിന്റെ ട്വീറ്റ്‌ വൈറലായി.
ജര്‍മന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കിന്റെ പ്രധാന താരങ്ങളിലൊരാളായ അല്‍ഫോണ്‍സോ ഡേവിസ്‌ അഭയാര്‍ഥി ക്യാമ്പിലാണു പിറന്നത്‌. ഒന്നും നേടുമെന്നു കരുതാത്ത താന്‍ ലോകകപ്പ്‌ കളിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണെന്നായിരുന്നു ട്വീറ്റ്‌. കഴിഞ്ഞ മാസം ബുണ്ടസ്‌ ലീഗ മത്സരത്തിനിടെ പരുക്കേറ്റതു ഡേവിസിന്റെ ലോകകപ്പ്‌ പ്രതീക്ഷകള്‍ക്കു മങ്ങലായിരുന്നു. ലെഫ്‌റ്റ് ബാക്കായും വിങറായും കളിക്കുന്ന ഡേവിസിനെ ഡബിള്‍ റോളില്‍ കളിപ്പിക്കാനാണു ഹെര്‍ഡ്‌മാന്റെ പദ്ധതി. ഡേവിസിനെ കൂടാതെ ജോനാഥന്‍ ഡേവിഡ്‌ അടക്കമുള്ള മികച്ച യുവനിരയുമാണു കാനഡ 36 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലോകകപ്പ്‌ കളിക്കാനെത്തുന്നത്‌. രണ്ടാം തവണയാണു കാനഡ ലോകകപ്പില്‍ കളിക്കുന്നത്‌.
ഗ്രൂപ്പ്‌ എഫില്‍ ബെല്‍ജിയം, ക്ര?യേഷ്യ, മൊറോക്ക ടീമുകള്‍ക്കൊപ്പമാണു കാനഡ. 2000 നവംബര്‍ രണ്ടിനു ഘാനയിലെ ബുദുബുറാമിലാണു ഡേവിസ്‌ ജനിച്ചത്‌. ലൈബീരിയക്കാരായ ഡെബിയ ഡേവിസിന്റെയും വിക്‌ടോറിയയുടെയും ആറു മക്കളില്‍ നാലാമനായിരുന്നു. ലൈബീരിയന്‍ ആഭ്യന്തര യുദ്ധം കാരണം നാട്‌ വിട്ടു ഓടേണ്ടി വന്ന ലക്ഷക്കണക്കിന്‌ ആളുകളില്‍ പെട്ടവര്‍ ആയിരുന്നു ഡേവിസിന്റെ മാതാപിതാക്കളും. ജനനം അഭയാര്‍ഥി ക്യാമ്പിലായിരുന്നു. 2005 ല്‍ അവര്‍ കാനഡയിലേക്ക്‌ കുടിയേറി.
അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന നാളില്‍ ഫുട്‌ബോളിനെ വേദന സംഹാരിയായി കണ്ടിരുന്നതും ഡേവിഡ്‌ ട്വീറ്റിലൂടെ അനുസ്‌മരിച്ചു. 2017 ലാണു കനേഡിയന്‍ പൗരത്വം ലഭിച്ചത്‌. വാന്‍കൂവര്‍ വൈറ്റ്‌ക്യാപ്‌സ് എഫ്‌.സിക്കു വേണ്ടി കളിച്ചു തുടങ്ങി. 2016 ല്‍ യു.എസിലെ മേജര്‍ സോക്കര്‍ ലീഗിലെത്തി. എം.എല്‍.എസില്‍ കളിക്കുന്ന 2000 ത്തില്‍ ജനിക്കുന്ന ആദ്യ താരമായി ചരിത്രവും കുറിച്ചു. ഡേവിസിന്റെ മികവ്‌ കണ്ടറിഞ്ഞ ബയേണ്‍ മ്യൂണിക്ക്‌ 2019 ല്‍ താരത്തെ റാഞ്ചി. റിസര്‍വ്‌ ടീമിലും പിന്നാലെ സീനിയര്‍ ടീമിലും ഇടം പിടിച്ച ഡേവിസ്‌ പിന്നീട്‌ തിരിഞ്ഞു നോക്കിയില്ല. ഡേവിസ്‌ ബയേണിനായി 95 മത്സരങ്ങള്‍ കളിച്ചു. ചാമ്പ്യന്‍സ്‌ ലീഗ്‌,ക്ല ബ്‌ ലോകകപ്പ്‌, നാല്‌ ബുണ്ടസ്‌ ലീഗ കിരീടങ്ങള്‍ എന്നിവ ഡേവിസ്‌ സ്വന്തമാക്കി. ചാമ്പ്യന്‍സ്‌ ലീഗില്‍ ബാഴ്‌സലോണയെയും ചെല്‍സിയെയും ഒക്കെ ബയേണ്‍ തകര്‍ത്തെറിഞ്ഞ മത്സരങ്ങളില്‍ ഡേവിസിന്റെ മിന്നല്‍ പ്രകടനങ്ങളുണ്ടായി.
കാനഡയ്‌ക്കായി യൂത്ത്‌ തലത്തില്‍ കളിച്ച ഡേവിസ്‌ 2017 ല്‍ ദേശീയ ടീമിലെത്തി.ക്ല ബ്‌ തലത്തില്‍ പ്രതിരോധത്തിലും രാജ്യാന്തര ടീമില്‍ മുന്നേറ്റത്തിലുമാണു ഡേവിസ്‌ കളിക്കുന്നത്‌. 34 കളികളില്‍നിന്ന്‌ 12 ഗോളുകളടിച്ചു. ലോകകപ്പില്‍ ഡേവിസ്‌ കളിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്കും പ്രതീക്ഷയാകും.
കനേഡിയന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍- മിലാന്‍ ബോര്‍ജാന്‍, ഡെയ്‌ന്‍ സെന്റ ക്ലയര്‍, ജെയിംസ്‌ പാന്റെമിസ്‌. ഡിഫന്‍ഡര്‍മാര്‍- സ്‌റ്റീവന്‍ വിറ്റോറിയ, റിച്ചി ലാറിയ, സാം അഡ്‌കുഗ്‌ബെ, അലിസ്‌റ്റര്‍ ജോണ്‍സ്‌റ്റണ്‍, കമാല്‍ മില്ലര്‍, ഡെറിക്‌ കോര്‍ണേലിയസ്‌, ജോയല്‍ വാട്ടര്‍മാന്‍. മിഡ്‌ഫീല്‍ഡര്‍മാര്‍- സാമുവല്‍ പിറ്റെ, സ്‌റ്റീഫന്‍ എസ്‌റ്റാക്വിയോ, ലിയാം ഫ്രേസര്‍, അറ്റിബ ഹറ്റ്‌ചിന്‍സണ്‍, മാര്‍ക്ക്‌ ആന്റണി കെയ്‌, ഇസ്‌മായില്‍ കോനെ, ജൊനാതന്‍ ഒസോറിയോ, ഡേവിഡ്‌ വതര്‍സ്‌പൂണ്‍. സ്‌ട്രൈക്കര്‍മാര്‍- ലൂകാസ്‌ കാവാലിനി, ജൂനിയര്‍ ഹോയ്‌ലെറ്റ്‌, താജോണ്‍ ബുക്കാനന്‍, ഇകെ ഉഗ്‌ബോ, കെയ്‌ല്‍ ലാറിന്‍, അല്‍ഫോന്‍സോ ഡേവിസ്‌, ജൊനാഥന്‍ ഡേവിഡ്‌, ലിയാം മില്ലര്‍.

LEAVE A REPLY

Please enter your comment!
Please enter your name here