തമിഴ്‌നാട്ടിൽ ഞായറാഴ്ചത്തെ ആർഎസ്എസിന്റെ റൂട്ട് മാർച്ച് മാറ്റി വച്ചു; മദ്രാസ് ഹൈക്കോടതി മുന്നോട്ടുവച്ച ഉപാധികൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനം

0

ചെന്നൈ: സംസ്ഥാനത്തെ 44 കേന്ദ്രങ്ങളിൽ ഞായറാഴ്ച ആർ.എസ്.എസിന് റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു. മൊത്തം 50 കേന്ദ്രങ്ങളിൽ പരിപാടി നടത്താനാണ് ആർ.എസ്.എസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോയമ്പത്തൂർ, തിരുപ്പൂർ, കന്യാകുമാരി ജില്ലകളിലെ ആറിടങ്ങളിൽ അനുമതി നിഷേധിക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചതിനുശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനകൾക്കെതിരെ പ്രസംഗിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യരുത്, പരേഡുകൾ റോഡിലൂടെ നടത്താതെ മൈതാനങ്ങളിലും പൊതുയോഗം ഓഡിറ്റോറിയങ്ങളിലും നടത്തുക, റൂട്ട് മാർച്ചിൽ ലാത്തിപോലുള്ള ആയുധങ്ങൾ കൈവശം വെക്കുന്നത് വിലക്കുന്നതുൾപ്പെടെ മൊത്തം 11 നിബന്ധനകളാണ് വിധി പ്രസ്താവത്തിലുണ്ടായിരുന്നത്. പ്രശ്‌നബാധിതമായ കോയമ്പത്തൂർ ഉൾപ്പെടെ ആറു കേന്ദ്രങ്ങളിൽ കോടതി അനുമതി നൽകിയതുമില്ല.

ഈ നിലയിൽ കോടതി വിധിച്ച ഉപാധികളടങ്ങിയ നോട്ടീസ് ആർ.എസ്.എസ് സംസ്ഥാന ഭാരവാഹികൾക്ക് നൽകിയെങ്കിലും അവർ കൈപ്പറ്റിയില്ല. തുടർന്ന് ആർ.എസ്.എസ് കാര്യാലയത്തിൽ പൊലീസ് നോട്ടീസ് പതിക്കുകയായിരുന്നു. കോടതി കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ റൂട്ട് മാർച്ച് താൽക്കാലികമായി മാറ്റിവെച്ചതായും കോടതിവിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here