ഒരൊറ്റ കളിയിൽ നെതർലൻഡ്സിന് അടിച്ചത് ജാക്ക് പോട്ട്; പാകിസ്ഥാനെ ടി20 സെമിയിലെത്തിച്ചത് വെറുതെയല്ല

0

ഒരൊറ്റ മത്സരത്തിൽ സ്വന്തം ടീമിന്റെ മാത്രമല്ല, മറ്റ് രണ്ട് ടീമുകളുടെ കൂടി ഭാവി നിർണയിച്ചവർ എന്നതാണ് ഐസിസി ട്വന്റി-20 ലോകകപ്പിൽ നെതർലൻഡ്സിന്റെ നേട്ടം. ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കടിക്കറ്റും പാക്കിസ്ഥാന് അപ്രതീക്ഷിത സെമി ബർത്തും സമ്മാനിച്ച നെതർലൻഡ്‌സ് ഈ മത്സരത്തിലൂടെ കൈവരിച്ചത് മറ്റൊരു ജാക്ക് പോട്ട് ലോട്ടറിയാണ്. ഒരൊറ്റ കളിയിലൂടെ 2024 ലോകകപ്പിന് നേരിട്ട് യോ​ഗ്യത നേടിയിരിക്കുകയാണ് നെതർലൻഡ്‌സ്.

ബംഗ്ലാദേശ് പാക്കിസ്ഥാനോട് തോറ്റതോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയത്തിന്റെ ആനുകൂല്യം ഡച്ചുകാർക്ക് അമേരിക്കയിലും വിൻഡീസിലുമായി നടക്കുന്ന ലോകകപ്പിലേക്ക് വഴിയൊരുക്കിയത്. ഈ ലോകകപ്പിലെ ആദ്യ എട്ടു സ്ഥാനക്കാർക്കാണ് അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത കിട്ടിയത്. ഗ്രൂപ്പ് രണ്ടിൽ നാലാം സ്ഥാനക്കാരായിട്ടാണ് ഓറഞ്ചുകാർ യോഗ്യത ഉറപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മൽസരം തുടങ്ങും മുമ്പ് അവസാന സ്ഥാനത്തായിരുന്നു ഡച്ചുകാർ. എന്നാൽ അപ്രതീക്ഷിത ജയത്തോടെ ഡച്ചുകാർ നാലാം സ്ഥാനത്തായി. ബംഗ്ലാദേശ് പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നെങ്കിൽ ഡച്ചുകാർ അഞ്ചാം സ്ഥാനത്തേക്ക് പോകുമായിരുന്നു. തങ്ങൾക്ക് ജീവൻ നൽകിയ ഡച്ചുകാർ പാക്കിസ്ഥാൻ ജയത്തോടെ തിരികെ നന്ദി അർപ്പിച്ചു.

പാക് ജയത്തോടെ ഡച്ചുകാർ നാലാം സ്ഥാനക്കാരായി അടുത്ത ലോകകപ്പിലേക്ക് എത്തി. സിംബാബ്‌വെയ്ക്ക് ഇനി അടുത്ത വർഷം ആഫ്രിക്കയിൽ യോഗ്യതറൗണ്ട് കളിക്കണം. അടുത്ത ലോകകപ്പിൽ 20 ടീമുകളാകും കളിക്കുക. യോഗ്യത ഇതുവരെ നേടിയ ടീമുകൾ- വെസ്റ്റ് ഇൻഡീസ്, യുഎസ്എ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്‌സ്, ബംഗ്ലാദേശ്.

LEAVE A REPLY

Please enter your comment!
Please enter your name here