പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; അപകടം ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ

0

കൊച്ചി: പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ എസ് അഖിലാണ് (27 ) മരിച്ചത്. ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ 6.30ഓടെ അത്താണിക്ക് സമീപം പറമ്പയത്താണ് അപകടം.

അങ്കമാലി കറുകുറ്റിയിലുള്ള പിതൃസഹോദരന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ഞായറാഴ്ച പങ്കെടുക്കാനെത്തിയതായിരുന്നു അഖിൽ. തിങ്കളാഴ്ച പുലർച്ചെ ചേർത്തലയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോൾ തമിഴ്നാട്ടിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം. ബൈക്കിന് പിന്നിൽ സഞ്ചരിച്ച ചേർത്തല അരൂക്കുറ്റി വയലിൽ വീട്ടിൽ ഹരികൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

റോഡിൽ തലയിടിച്ച് വീണ് ചോര വാർന്നൊഴുകി അവശനിലയിലായ അഖിലിനെ ദേശം സിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.അഖിൽ എറണാകുളം ഇടപ്പള്ളിയിൽ ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here