നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്

0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്. കേസുമായി ബന്ധപ്പെട്ട് അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്ന കേസിലാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കു കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ, കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വസതിയിൽ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, ഷോണിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച ചില ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ നടൻ ദിലീപിനു ‌കൈമാറിയതായി ഷോൺ സമ്മതിച്ചിരുന്നു.

ഷോൺ ജോർജ് ദിലീപിന്റെ സഹോദരൻ അനൂപിന് അയച്ച ചില സന്ദേശങ്ങളാണ് കേസിന് ആധാരം. അതിജീവിതയെ പിന്തുണച്ചവരെ അധിക്ഷേപിക്കുന്നതിനു വാട്സാപ് ഗ്രൂപ്പുണ്ടാക്കുകയും അതിലെ ചില സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന മട്ടിൽ ഗ്രൂപ്പിലുണ്ടാക്കിയ ചില സന്ദേശങ്ങൾ വ്യാജമായി നിർമിച്ചതാണ് എന്നാണ് കണ്ടെത്തൽ. എന്നാൽ ഇവ സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ചതാണ് എന്നായിരുന്നു ഷോണിന്റെ മൊഴി.

2019ൽ നഷ്ടപ്പെട്ട ഫോണാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ചോദിക്കുന്നത് എന്നാണ് ഷോണിന്റെ അവകാശവാദം. ഫോൺ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോട്ടയം എസ്പിക്കു പരാതി നൽകിയിരുന്നു.

Leave a Reply