സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന ഗവർണർമാർ റബർ സ്റ്റാമ്പുകളല്ലെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ രവി

0

തിരുവനന്തപുരം: സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന ഗവർണർമാർ റബർ സ്റ്റാമ്പുകളല്ലെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ രവി. ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. തിരുവനന്തപുരത്ത് നടക്കുന്ന ലോകായുക്തദിനാചരണ ചടങ്ങിൽ നിയമ മന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് ആര്‍.എന്‍. രവിയുടെ പരാമര്‍ശം.

ഗവർണർമാർക്ക് കൃത്യമായ റോൾ ഭരണഘടന അനുവദിക്കുന്നുണ്ട്. ലോകായുക്തയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കം ഉണ്ടായാൽ ഗവർണർ എന്ന നിലയില്‍ ഇടപെടുമെന്നും രാജ്യത്തിന്റെ എല്ലാഭാഗത്തും ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ആർ.എൻ രവി പറഞ്ഞു. സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ തമിഴ്‌നാട് ഗവര്‍ണറെ പങ്കെടുപ്പിച്ച് ലോകായുക്ത ദിനാചരണം നടത്തിയത്. കേരളാ ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ ദിവസം തന്നെയാണ് ഈ ചടങ്ങും നടത്തിയത്.

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഡി.എം.കെ. പ്രതിനിധി തിരുച്ചി ശിവ എം.പി. കടുത്ത വിമര്‍ശനമായിരുന്നു ഇരുസംസ്ഥാനങ്ങളിലയും ഗവര്‍ണര്‍മാര്‍ക്കെതിരേ ഉന്നയിച്ചത്. കേരളത്തിലേതുപോലെ തന്നെ തമിഴ്നാട്ടിലും സർക്കാർ- ഗവർണർ പോര് അതിരൂക്ഷമാണ്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ പാസാക്കിയെങ്കിലും ബില്ലുകൾ ഗവർണർ ഇതുവരെ ഒപ്പുവച്ചില്ല. തമിഴ്നാട് ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഡി.എം.കെ എം.പിമാർ കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here