നടിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു; സംസ്കാരം ഇന്ന് 12 മണിയോടെ

0

കൊല്ലം: സിനിമ-നാടക നടിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി (മേരി ജോൺ-80) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 48 വർഷമായി കൊല്ലത്ത് വിവിധ വാടകവീടുകളിലായിട്ടാണ് താമസം.

കൊച്ചിൻ തോപ്പിൻപടി കൂട്ടുങ്കൽ വീട്ടിൽ പരേതരായ അഗസ്റ്റിൻ ബെർണാഡിന്റെയും മറിയക്കുട്ടിയുടെയും മകളാണ് കൊച്ചിൻ അമ്മിണി എന്ന മേരി ജോൺ. 12-ാംവയസ്സിലാണ് നടകവേദിയിലെത്തുന്നത്. നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചു. പി.ജെ.ആന്റണിയുടെ ട്രൂപ്പിൽ നടിയായും ഗായികയായും തിളങ്ങിയപ്പോഴാണ് കെ.പി.എ.സി.യിലേക്ക് വരുന്നത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സർവേക്കല്ല് എന്നീ നാടകങ്ങളിൽ പാടി അഭിനയിച്ചു. കമ്യൂണിസ്റ്റ് നാടകത്തിലഭിനയിച്ചത് മതപരമായ എതിർപ്പുകൾ ശക്തമാക്കിയതോടെ കെ.പി.എ.സി. വിട്ട് ചങ്ങനാശ്ശേരി ഗീഥയിൽ ചേർന്നു. 1961-ൽ മലയാളത്തിലെ ആദ്യ കളർചിത്രം കണ്ടംബെച്ച കോട്ടിലൂടെ സിനിമയിലെത്തി. 1951-ൽ പുറത്തിറങ്ങിയ ജീവിതനൗകയിലൂടെയാണ് ഡബ്ബിങ് കലാകാരിയാകുന്നത്. 13 വർഷം ശാരദ, കുശലകുമാരി, രാജശ്രീ, വിജയനിർമല, ഉഷാകുമാരി, കെ.ആർ.വിജയ, ദേവിക, വിജയശ്രീ, പൂർണിമ ജയറാം തുടങ്ങിയവർക്കായി ഡബ്ബ് ചെയ്തു. ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1967-ൽ പുറത്തിറങ്ങിയ സിനിമയിൽ രണ്ടു ഗാനങ്ങൾ പാടി. അഗ്നിപുത്രി എന്ന നാടകത്തിൽ വയലാർ എഴുതി അമ്മിണി പാടിയ ‘കണ്ണുതുറക്കാത്ത ദൈവങ്ങളേ…’ എന്നഗാനം ഹിറ്റായി.

തോക്കുകൾ കഥ പറയുന്നു, അടിമകൾ, ഭാര്യമാർ സൂക്ഷിക്കുക, വാഴ്വേമായം, അഞ്ച് സുന്ദരികൾ, കണ്ണൂർ ഡീലക്സ്, സരസ്വതി, ജനനി ജന്മഭൂമി, ശാപശില, ഡോക്ടർ ലൂസി, ഉണ്ണിയാർച്ച, ഇരുളും വെളിച്ചവും, ദി ഹണ്ടർ തുടങ്ങിയവയാണ് കൊച്ചിൻ അമ്മിണി അഭിനയിച്ച പ്രധാന ചിത്രങ്ങൾ. സീരിയലുകളിലും അഭിനയിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഒ.മാധവൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു.

കൊല്ലം മുളങ്കാടകം മുതിരപ്പറമ്പ് പള്ളിക്കു സമീപത്തെ ഫ്ലാറ്റിൽ മൃതദേഹം തിങ്കളാഴ്ച എട്ടുമുതൽ പൊതുദർശനത്തിനു വയ്ക്കും. 12 മണിയോടെ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപത്തെ സെന്റ്‌ പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ സംസ്കരിക്കും. മകൾ: എയ്ഞ്ചൽ റാണി.

LEAVE A REPLY

Please enter your comment!
Please enter your name here