ചെറുതുരുത്തിയില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന യുവാവ്‌ പിടിയില്‍

0


ചെറുതുരുത്തി: പൈങ്കുളം വാഴാലിപ്പാടത്ത്‌ സുഹൃത്തിന്റെ വെട്ടേറ്റു കുന്നമ്മാര്‍തൊടി വാസുദേവന്‍(56) മരിച്ച കേസില്‍ സുഹൃത്ത്‌ പുത്തന്‍പുരയില്‍ ഗിരീഷ്‌ (38) പിടിയില്‍.
വാസുദേവന്റെ സുഹൃത്തും ചെത്തുതൊഴിലാളിയുമാണു ഗിരീഷ്‌. വീട്‌ വളഞ്ഞാണ്‌ അറസ്‌റ്റ്‌. പോലീസ്‌ സംഘത്തിന്‌ നേരെ ഗിരീഷ്‌ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ ഒഴിഞ്ഞു മാറി. ബലപ്രയോഗത്തിലൂടെയാണ്‌ കീഴ്‌പ്പെടുത്തിയത്‌.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: വാസുദേവനും ഗിരീഷും സുഹൃത്തുക്കളും ചെത്തുതൊഴിലാളികളുമാണ്‌. രണ്ടുപേരും രാവിലെ ഒരുമിച്ച്‌ ബൈക്കിലാണു ജോലിസ്‌ഥലത്തേക്കു പോയത്‌. വാസുദേവനും പ്രതി ഗിരീഷും കഴിഞ്ഞദിവസം ഒരുമിച്ച്‌ പൈങ്കാലി വാഴാലിക്കാവ്‌ ക്ഷേത്രത്തിനടുത്തുള്ള തോട്ടത്തിലേക്കു പോകുന്നത്‌ കണ്ടവരുണ്ട്‌.
ചെത്തു നടത്തുന്നതിനിടെയുണ്ടായ തര്‍ക്കമാണ്‌ ആക്രമണത്തില്‍ കലാശിച്ചത്‌. പെട്ടെന്നു പ്രകോപനമുണ്ടായാണ്‌ വെട്ടിയതെന്നാണ്‌ പറയുന്നത്‌. കള്ളുചെത്തുന്ന മൂര്‍ച്ചയേറിയ കത്തികൊണ്ടാണ്‌ ആക്രമിച്ചത്‌. കഴുത്ത്‌ അറ്റുപോകുന്ന വിധത്തില്‍ ആഴത്തിലാണ്‌ മുറിവ്‌.
കൊലപാതക വിവരമറിയാതെ ഗിരീഷിനോട്‌ സംസാരിച്ച മറ്റൊരു സുഹൃത്ത്‌ കുന്നുമ്മല്‍ വീട്ടില്‍ ജയപ്രകാശിനും(38) വെട്ടേറ്റു. ജയപ്രകാശിന്‌ തൃശൂര്‍ മെഡി.കോളജ്‌ ആശുപത്രിയില്‍ രണ്ടു ശസ്‌ത്രക്രിയകള്‍ നടത്തി. ഗുരുതരാവസ്‌ഥയിലാണ്‌. മാടുകളെ തീറ്റാനായി കൊണ്ടു പോകുന്നതിനെടെയാണ്‌ ജയപ്രകാശിന്‌ വെട്ടേറ്റത്‌.
വാസുദേവന്റെ കഴുത്തില്‍ ആഴത്തിലുള്ള വെട്ടിനെതുടര്‍ന്നാണ്‌ മരണം. മുഖത്തും കൈയിലും ഉള്‍പ്പെടെ വെട്ടിയ പാടുകളുണ്ടായിരുന്നു.
രണ്ടുദിവസമായി ഗിരീഷ്‌ അസ്വസ്‌ഥനായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറയുന്നു. പിന്നീട്‌ അയാള്‍ കാട്ടിലേക്കുപോയി. അവിടെനിന്ന്‌ മടങ്ങിയശേഷമാണ്‌ അറസ്‌റ്റ്‌. കാട്ടില്‍ ഗിരീഷ്‌ രക്ഷപ്പെട്ട ഭാഗത്ത്‌ ഉപേക്ഷിച്ച മൊബൈല്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വാസുദേവന്റെ മൃതദേഹം ശാന്തിതീരത്ത്‌ സംസ്‌കരിച്ചു. ഭാര്യ: ഉഷ. മക്കള്‍: വിജീഷ്‌, വാസന്തി.
ചെറുതുരുത്തി എസ്‌.ഐ: പി.വി. ബിന്ദുലാലിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. എ.സി.പി: സുരേഷ്‌, വിരലടയാള വിദഗ്‌ധര്‍ എന്നിവര്‍ സ്‌ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here