ശാന്തിക്ക്‌ നിശാന്തിനി , തീരദേശ സ്‌റ്റേഷനുകള്‍ക്ക്‌ കനത്ത ജാഗ്രതാ നിര്‍ദേശം

0


തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ ക്രമസമാധാനച്ചുമതല തിരുവനന്തപുരം റേഞ്ച്‌ ഡി.ഐ.ജി: ആര്‍. നിശാന്തിനിക്ക്‌. വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം അക്രമാസക്‌തമായ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക സംഘത്തിനു സുരക്ഷാച്ചുമതല നല്‍കിയത്‌. അതേസമയം, സംസ്‌ഥാനത്തെ എല്ലാ തീരദേശ സ്‌റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറാണ്‌ നിര്‍ദേശം നല്‍കിയത്‌.
അവധിയിലുള്ള പോലീസുകാരോട്‌ ഡ്യൂട്ടിയില്‍ തിരിച്ചെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്‌. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസുകാരെ വിഴിഞ്ഞത്ത്‌ വിന്യസിക്കും. സ്‌പെഷല്‍ ഓഫീസര്‍ ഡി.ഐ.ജി: ആര്‍. നിശാന്തിനി വിഴിഞ്ഞം സന്ദര്‍ശിച്ചശേഷം പോലീസുകാരുടെ വിന്യാസം സംബന്ധിച്ച്‌ തീരുമാനമെടുക്കും. സോണ്‍ ഐ.ജിമാരുടെ നേതൃത്വത്തില്‍ ക്രമസമാധാനം വിലയിരുത്തും.
വിഴിഞ്ഞം പോലീസ്‌ സ്‌റ്റേഷന്‍, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ്‌ സ്‌റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങള്‍, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസറായാണ്‌ ആര്‍. നിശാന്തിനിയെ നിയോഗിച്ചത്‌. നിശാന്തിനിക്കു കീഴില്‍ വിഴിഞ്ഞം മേഖലയിലെ ക്രമസമാധാനപാലനത്തിന്‌ എസ്‌.പിമാരായ കെ.ഇ. ബൈജു, കെ.കെ. അജി എന്നിവരെ നിയോഗിച്ചു. ഇവരുടെ സേവനം തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്‌. തിരുവനന്തപുരം സിറ്റി ക്രൈം ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ കെ. ലാല്‍ജിയാണു സംഘത്തലവന്‍. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച്‌ എ.സി.പി: ബി. അനില്‍കുമാര്‍, തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോ എ.സി.പി: ജെ.കെ. ദിനില്‍, തിരുവനന്തപുരം റൂറല്‍ നര്‍ക്കോട്ടിക്‌ ഡിവൈ.എസ്‌.പി: വി.ടി. രാസിത്ത്‌, കഴക്കൂട്ടം എ.സി.പി: സി.എസ്‌. ഹരി എന്നിവരാണു സംഘാംഗങ്ങള്‍. സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ മുതല്‍ ഇന്‍സ്‌പെക്‌ടര്‍മാരെ വരെയുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ക്ക്‌ അനുമതി നല്‍കി. കേസുകളുടെ മേല്‍നോട്ടമാണ്‌ സംഘത്തിന്റെ ചുമതലകള്‍. സ്‌ഥലത്ത്‌ എഴുന്നൂറോളം പോലീസിനെയും വിന്യസിച്ചു.
ഡി.ജി.പി, ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി, ഇന്റലിജന്‍സ്‌ മേധാവി എന്നിവര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ്‌ വിഴിഞ്ഞത്തിനു മാത്രമായി പ്രത്യേക പോലീസ്‌ സംഘത്തെ നിയോഗിച്ചത്‌. ആള്‍ക്കൂട്ടം നിയന്ത്രിച്ച്‌ പരിചയമുള്ള ക്രൈംബ്രാഞ്ച്‌, ലോ ആന്‍ഡ്‌ ഓര്‍ഡര്‍ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്‌ഥരെയാണ്‌ സംഘത്തിലേക്കു നിയോഗിച്ചിരിക്കുന്നത്‌. ക്യാമ്പുകളില്‍നിന്നുള്ള പോലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണെങ്കിലും ക്രമസമാധാന പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചിട്ടില്ല. പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്‌ഥാനത്തിലാണ്‌ പ്രത്യേക സംഘത്തെ നിയോഗിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here