സ്ഫോടനത്തിൽ ഉൾപ്പെട്ടവർ മുൻപേ നിരീക്ഷണത്തിൽ ഉള്ളവർ’; കേസ് എൻഐഎ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെടാൻ സർക്കാർ വൈകിയത് എന്തിനെന്ന് ​ഗവർണർ; തമിഴ്നാട്ടിലും ​ഗവർണർ – സർക്കാർ പോര്

0

ചെന്നൈ: തമിഴ്നാട്ടിലും ​ഗവർണർ സർക്കാർ പോര്. കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ സർക്കാരിനെ വിമർശിച്ച് ​ഗവർണർ ​രം​ഗത്തത്തി. കേസ് എൻഐഎക്ക് കൈമാറുന്നത് സർക്കാർ താമസിപ്പിച്ചുവെന്ന് ഗവർണർ കുറ്റപ്പെടുത്തി.

കേസ് എൻഐഎ ഏറ്റെടുക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാൻ നാല് ദിവസം എടുത്തത് എന്തിനെന്നാണ് ഗവർണർ ചോദിച്ചത്. ഉക്കടം സ്ഫോടനത്തിൽ ഉൾപ്പെട്ടവർ മുൻപേ നിരീക്ഷണത്തിൽ ഉള്ളവരാണ്. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

കോയമ്പത്തൂർ സ്ഫോടന കേസിൽ സ്റ്റാലിൻ സർക്കാരിനെതിരെ ബിജെപി സംസ്ഥാന ഘടകം ശക്തമായ വിമർശനം ഉന്നയിക്കുന്നതിനിടയിലാണ് ഗവർണറുടെ പ്രതികരണം. സ്ഫോടനത്തിൽ ഇന്റലിജൻസ് വീഴ്ച ആരോപിച്ച് ഈ മാസം 31ന് ബിജെപി കോയമ്പത്തൂരിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കോയമ്പത്തൂരിൽ നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ഗവർണർ വ്യക്തമാക്കി. വൻ ഭീകരാക്രമണത്തിനായിരുന്നു പദ്ധതിയിട്ടത്. രാജ്യത്തിന്റെ മുന്നേറ്റത്തിൽ അസഹിഷ്ണുക്കളായ ശത്രുക്കളാണ് ഇതിന് പിന്നിൽ. നമ്മളെ നേർക്കുനേർ നിന്ന് എതിർക്കാൻ അവർക്ക് ശക്തിയില്ല, അതുകൊണ്ട് രാജ്യത്തിന് അകത്തുനിന്ന് നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ ആർ.എൻ.രവി പറഞ്ഞു.

കോയമ്പത്തൂർ സ്ഫോടനക്കേസിൽ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏർവാടിയിലേക്കും. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഘടനയുടെ ഭാരവാഹി അബ്ദുൾ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻറെ ഭാര്യ നസ്രേത്തിനെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. സംസാരശേഷി കുറവുള്ള ഇവരെ ചിഹ്നഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കോയമ്പത്തൂരിലെ നിരോധിത സംഘടന അൽ ഉമ്മയുടെ പ്രവർത്തകരും അന്വേഷണ പരിധിയിലുണ്ട്. കൂട്ട ആൾനാശമാണ് സ്ഫോടനത്തിൻറെ ആസൂത്രകർ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here