ഏഴുമാസമായി കോമയിൽ തുടരുന്ന യുവതി കുഞ്ഞിന് ജന്മം നൽകി

0

ഏഴുമാസമായി കോമയിൽ തുടരുന്ന യുവതി കുഞ്ഞിന് ജന്മം നൽകി. ഡൽഹി എയിംസ് ട്രോമ സെന്ററിൽ ചികിത്സയിൽ തുടരുന്ന ഷാഫിയ എന്ന 23-കാരിയാണ് ഒക്ടോബർ 22-ന് ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മംനൽകിയത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഷാഫിയ കോമയിലായത്. സംഭവസമയത്ത് ഇവർ നാൽപ്പതുദിവസം ഗർഭിണിയായിരുന്നു.

ബുലന്ദ്ഷെഹറിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഏപ്രിൽ 11-നാണ് ഷാഫിയയെ എയിംസിൽ പ്രവേശിപ്പിച്ചത്. ഇതിനകം നാല് ന്യൂറോസർജിക്കൽ ഓപ്പറേഷനുകൾക്ക് ഇവർ വിധേയയായെന്നാണ് വിവരം. ഗർഭകാലം 18-ാം ആഴ്ചയിലെത്തിയപ്പോൾ ഷാഫിയയെ അൾട്രാ സൗണ്ട് സ്കാനിങ്ങിനും വിധേയയാക്കുകയും കുഞ്ഞ് ആരോഗ്യവതിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഷാഫിയ ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. ഷാഫിയ പൂർവാവസ്ഥയിലേക്ക് എത്താൻ 10-15 ശതമാനം സാധ്യതയാണുള്ളതെന്ന് ന്യൂറോസർജനായ ഡോ. ദീപക് ഗുപ്തയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഷാഫിയ അബോധാവസ്ഥയിൽ തുടരുന്ന പശ്ചാത്തലത്തിൽ ഗർഭച്ഛിദ്രം നടത്തണോ വേണ്ടയോ എന്ന നിലയ്ക്കുള്ള ചർച്ചകൾ ഗർഭകാലത്തിന്റെ ആദ്യ ഘട്ടത്തിൽ നടന്നിരുന്നെന്നും ഡോ. ദീപക് പറഞ്ഞു. എന്നാൽ കുഞ്ഞിന് ജനിതകവൈകല്യങ്ങളോ മറ്റോ ഇല്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഗർഭച്ഛിദ്രം വേണ്ടെന്ന് മെഡിക്കൽ ടീം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാഫിയയുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് ഗർഭച്ഛിദ്രം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കുടുംബത്തിന് വിട്ടുനൽകുകയായിരുന്നു. കുടുംബം ഗർഭച്ഛിദ്രം വേണ്ടെന്ന് അറിയിക്കുകയായിരുന്നെന്നും ഡോ. ദീപക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here