കാര്‍ത്തിക്ക്‌ മെയ്യപ്പന്‍ ഈ ട്വന്റി20 ലോകകപ്പിലെ ആദ്യ ഹാട്രിക്കിന്‌ ഉടമയായി

0



യു.എ.ഇയുടെ ലെഗ്‌ സ്‌പിന്നര്‍ കാര്‍ത്തിക്ക്‌ മെയ്യപ്പന്‍ ഈ ട്വന്റി20 ലോകകപ്പിലെ ആദ്യ ഹാട്രിക്കിന്‌ ഉടമയായി.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന്റെ 15-ാം ഓവറിലാണ്‌ ഹാട്രിക്ക്‌ പിറന്നത്‌. നാലാം പന്തില്‍ ഭാനുക രജപക്‌സയെ കാഷിഫ്‌ ദാവൂദിന്റെ കൈയിലെത്തിച്ചാണ്‌ മെയ്യപ്പന്‍ ഹാട്രിക്കിന്‌ തുടക്കം കുറിച്ചത്‌. തൊട്ടടുത്ത പന്തില്‍ ചരിത്‌ അസാലങ്കയെ വിക്കറ്റ്‌ കീപ്പര്‍ വൃത്യ അരവിന്ദിന്റെ കൈയിലെത്തിച്ചു. മെയ്യപ്പന്റെ ചെറുതായി ബൗണ്‍സ്‌ ചെയ്‌ത പന്തില്‍ ബാറ്റ്‌ വച്ച അസാലങ്കയ്‌ക്കു പിഴച്ചു. അടുത്ത പന്ത്‌ നേരിട്ടത്‌ നായകനും ഓള്‍റൗണ്ടറുമായ ദാസുന്‍ ശനക. മെയ്യപ്പന്റെ ഗൂഗ്‌ളി ശനകയെ അമ്പരപ്പിച്ച്‌ വിക്കറ്റ്‌ പിഴുതു. അതോടെ മെയ്യപ്പന്‍ ചരിത്രത്തിന്റെ ഭാഗമായി. നാലോവറില്‍ 19 റണ്‍ വിട്ടുകൊടുത്തു മൂന്ന്‌ വിക്കറ്റെടുത്തു.
ട്വന്റി20 ലോകകപ്പില്‍ ഹാട്രിക്ക്‌ നേടുന്ന അഞ്ചാമത്തെ ബൗളറാണ്‌ മെയ്യപ്പന്‍. ബ്രെറ്റ്‌ ലീ (2007 ല്‍ ബംഗ്ലാദേശിനെതിരേ), കുര്‍ട്ടിസ്‌ കാംഫര്‍ (2021 ല്‍ ഹോളണ്ടിനെതിരേ), വാനിന്ദു ഹസരങ്ക (2021 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ), കാഗിസോ റബാഡ (2021 ല്‍ ഇംഗ്ലണ്ടിനെതിരേ ) എന്നിവരാണു മുന്‍ഗാമികള്‍. ലോകകപ്പില്‍ (ട്വന്റി20, ഏകദിനം) ഒരു ടെസ്‌റ്റ് യോഗ്യതയുള്ള ടീമിനെതിരേ ഹാട്രിക്ക്‌ നേടുന്ന അസോസിയേറ്റ്‌ ടീമില്‍ നിന്നുള്ള ആദ്യ ബൗളര്‍ എന്ന റെക്കോഡും മെയ്യപ്പന്‍ സ്വന്തമാക്കി. 22 വയസുകാരനായ കാര്‍ത്തിക്ക്‌ മെയ്യപ്പന്‍ ചെന്നൈയില്‍ നിന്നാണു യു.എ.ഇയിലെത്തിയത്‌. യു.എ.ഇക്കു വേണ്ടി എട്ട്‌ ഏകദിനങ്ങളും 13 ട്വന്റി20 കളും കളിച്ചു. ഏകദിനത്തില്‍ 10 വിക്കറ്റും ട്വന്റി20 യില്‍ 21 വിക്കറ്റുകളും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here