ബാര്‍ബഡോസ്: അഫ്ഗാന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റിനു മാത്രമല്ല സമയം കണ്ടത്തേണ്ടത്. ഭക്ഷണം വെയ്ക്കാനും അവര്‍ക്ക് സമയം വേണം! ബ്രിഡ്ജ് ടൗണില്‍ അഫ്ഗാന്‍ താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മെനുവില്‍ ഹലാല്‍ മാംസം ഇല്ലാത്തതാണ് താരങ്ങള്‍ക്ക് സ്വയം പാകം ചെയ്ത് കഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്.
താരങ്ങളുടെ മെനുവില്‍ ഹലാല്‍ ഇറച്ചി വേണമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ക്ക് ഇത് ലഭിച്ചില്ല. വെസ്റ്റ് ഇന്‍ഡീസില്‍ ഹലാല്‍ മാംസം ലഭിക്കും. എന്നാല്‍ എല്ലാ ഹോട്ടല്‍ മെനുവിലും അതുണ്ടാകുമെന്ന ഉറപ്പും ഇല്ല.തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഹലാല്‍ ഭക്ഷണം ഇല്ല. അതിനാല്‍ സ്വയം പാചകം ചെയ്തും ചിലപ്പോള്‍ പുറത്തു പോയുമാണ് ഭക്ഷണം കഴിക്കുന്നതെന്നു താരങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ വന്നപ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരങ്ങള്‍. ഒരു സുഹൃത്തു വഴിയാണ് ഭക്ഷണം സ്വയം പാചകം ചെയ്യാനുള്ള സാഹചര്യം ഒരുക്കിയതെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാന്‍ ഒരു മത്സരം പരാജയപ്പെട്ട് നില്‍ക്കുകയാണ്. ഇന്ത്യയോടാണ് ടീം തോറ്റത്. നാളെ അഫ്ഗാന്‍ കരുത്തരായ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.
