ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ മൂന്ന് ഗോളുകള്‍; ക്രൊയേഷ്യയെ തകര്‍ത്ത് സ്‌പെയ്ന്‍, ഗംഭീര തുടക്കം

0

ബെര്‍ലിന്‍: സ്പെയ്നിന് യൂറോ കപ്പില്‍ മിന്നുന്ന തുടക്കം. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയ്ന്‍ യൂറോ യാത്രയുടെ തുടക്കം ഗംഭീരമാക്കി. അല്‍വാരോ മൊറാട്ട (29), ഫാബിയാന്‍ റൂയിസ് (32), ഡാനി കാര്‍വഹാല്‍ (45+2) എന്നിവരാണ് സ്പാനിഷ് സംഘത്തിലെ സ്‌കോറര്‍മാര്‍.(Three smashing goals in the first half; Great start for Spain as they thrash Croatia,)

യുവതാരങ്ങളുടെ കരുത്തില്‍ കളത്തില്‍ ഇറങ്ങിയ സ്‌പെയ്ന്‍ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളിന് മുന്നിലെത്തുകയായിരുന്നു.ക്രൊയേഷ്യയ്ക്കെതിരേ തകര്‍പ്പന്‍ തുടക്കമായിരുന്നു സ്പെയ്നിന്റേത്. ആദ്യ 25 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മൂന്നോളം തവണയാണ് അവര്‍ ഗോളിനടുത്തെത്തിയത്.

തട്ടിത്തെറിച്ച നിരവധി അവസരങ്ങള്‍ക്കൊടുവില്‍ 28-ാം മിനിറ്റില്‍ സ്വന്തം ഹാഫില്‍ നിന്ന് റോഡ്രി നല്‍കിയ മികച്ചൊരു പാസില്‍ നിന്ന് അല്‍വാരോ മൊറാട്ട സ്പെയ്നിനെ മുന്നിലെത്തിച്ചു. മൊറാട്ടയുടെ മുന്നേറ്റം ശ്രദ്ധിച്ച് കിറുകൃത്യമായിരുന്നു റോഡ്രിയുടെ നീക്കം. പന്ത് സ്വീകരിച്ച് മുന്നേറിയ മൊറാട്ട രണ്ട് ക്രൊയേഷ്യന്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് സ്‌കോര്‍ ചെയ്തു.

നാലു മിനിറ്റിനുള്ളില്‍ സ്പെയ്ന്‍ പിന്നെയും വലകുലുക്കി. വലതുവിങ്ങിലെത്തിയ ലോങ് ബോള്‍ അവിശ്വസനീയമായി നിയന്ത്രിച്ച യമാലിന്റെ മികവാണ് ഗോളിന് വഴിവെച്ചത്. യമാലില്‍ നിന്നെത്തിയ പന്ത് ബോക്സിന് തൊട്ടുവെളിയില്‍വെച്ച് പെഡ്രി ഫാബിയാന്‍ റൂയിസിന് നീട്ടി. ബോക്സില്‍ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കിയ ഡ്രിബ്ലിങ്ങിനൊടുവില്‍ റൂയിസ് പന്ത് വലയിലാക്കി.

ഇതിനു പിന്നാലെ ക്രൊയേഷ്യ ഏതാനും ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം ഉറച്ചുനിന്നു. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഡാനി കാര്‍വഹാലിലൂടെ സ്പെയ്ന്‍ മൂന്നാം ഗോളും നേടി. വലതുവിങ്ങില്‍ പന്തു സ്വീകരിച്ച് യമാല്‍ ക്രൊയേഷ്യന്‍ ബോക്സിലേക്ക് പന്ത് ക്രോസ് ചെയ്യുമ്പോള്‍ ബോക്സില്‍ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാര്‍ നിറഞ്ഞിരുന്നു. എന്നിട്ടും പാസിലെ കൃത്യതകൊണ്ട് കാര്‍വഹാല്‍ പന്ത് വലയിലാക്കി.രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ക്രൊയേഷ്യന്‍ ശ്രമങ്ങളെല്ലാം പാളി. ഇടയ്ക്ക് സ്പാനിഷ് പ്രതിരോധം പിളര്‍ത്താനായെങ്കിലും പന്ത് ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. മധ്യനിരയിലെ മിന്നുംതാരം ലൂക്ക മോഡ്രിച്ച് മങ്ങിയതും ടീമിനെ ബാധിച്ചു.

Leave a Reply