ഇംഗ്ലണ്ടിനെ വിറപ്പിച്ചു, ഒരു ഗോളിന് കീഴടങ്ങി സെർബിയ

0

ഗെൽസെൻകിർഹൻ (ജർമനി): ഏകപക്ഷീയമായ ഒരു ഗോളിന് സെർബിയയെ തകർത്ത് ഇംഗ്ലണ്ട് യൂറോകപ്പിൽ വിജയത്തോടെ തുടങ്ങി. മത്സരത്തിന്റെ 13-ാം മിനിറ്റിൽ റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാമിന്റെ കിടിലൻ ഗോളിലായിരുന്നു ജയം. കരുത്തുറ്റ നിരയുമായെത്തിയ ഇംഗ്ലണ്ടിനെ വിറപ്പിച്ച ശേഷമാണ് സെര്‍ബിയ കീഴടങ്ങിയത്. സ്കോർ: ഇംഗ്ലണ്ട്– 1, സെർബിയ– 0. മത്സരത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടായിരുന്നു ആധിപത്യം പുലർത്തിയിരുന്നെങ്കിലും ഇടയ്ക്ക് സെർബിയയുടെ കരുത്തുറ്റ നിരയ്ക്ക് മുന്നിൽ പാളി.

ഹാരി കെയ്നിനെ അനങ്ങാൻ വിടാതെ സെർബിയ പൂട്ടിയതോടെ ആദ്യ പകുതിയിലധികവും ബെല്ലിങ്ങാമിനെ ചുറ്റിപ്പറ്റിയായിരുന്നു ഇംഗ്ലണ്ടിന്റെ ആക്രമണങ്ങൾ. കൈല്‍ വാക്കറിന്റെ പന്തുമായുള്ള മുന്നേറ്റങ്ങള്‍ ഇംഗ്ലണ്ടിന് ഏതാനും അവസരങ്ങള്‍ ഒരുക്കിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഡെക്ലാന്‍ റൈസിന്റെയും അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെയും ബോള്‍ സപ്ലെ കൂടി ഇല്ലാതാക്കിയ സെര്‍ബിയ ഇംഗ്ലണ്ടിന്റെ പ്ലാനുകളെല്ലാം തകിടം മറിച്ചു.

ഇതോടെ വിങ്ങുകളില്‍ പലപ്പോഴും ഫില്‍ ഫോഡനും സാക്കയും പിന്തുണ കിട്ടാത്ത അവസ്ഥയിലായി. ഇതു കൂടിയായതോടെ ഇംഗ്ലണ്ടിന് മത്സരത്തിൽ താളം പിഴച്ചു. രണ്ടാം പകുതിയില്‍ അടിമുടി മാറിയ സെര്‍ബിയന്‍ നിരയെയാണ് കണ്ടത്. പകരക്കാരനായി ഇറങ്ങിയ ദുഷാന്‍ ടാഡിക് മധ്യഭാഗം നന്നായി ഉപയോഗിച്ച് കളിച്ചതോടെ ഏതാനും ത്രൂ ബോളുകളും സെര്‍ബിയക്ക് ലഭിച്ചു.അവസാന മിനിറ്റുകളില്‍ സെര്‍ബിയന്‍ ആക്രമണങ്ങള്‍ തടഞ്ഞ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്റെ മികവാണ് ഇംഗ്ലണ്ടിനെ സമനിലയിലെത്തിക്കാതെ കാത്തത്. ഇത്തവണ പ്രതീക്ഷയോടെ യൂറോ കപ്പിനെത്തിയിരിക്കുന്ന ഇംഗ്ലണ്ടിന് ആദ്യ കളിയിൽ തന്നെ നേടാനായ ജയം സമ്മാനിക്കുന്ന ആത്മവിശ്വാസം അത്ര ചെറുതൊന്നുമല്ല. ഈ മാസം ഇരുപതിന് ഡെൻമാർക്കിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Leave a Reply