ജയലളിതയുടെ മരണം: ശശികല സംശയമുനയില്‍

0



ചെന്നൈ: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടു വി.കെ. ശശികല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌.
ജയലളിതയ്‌ക്കു ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ മരണംവരെയുള്ള കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നും ജസ്‌റ്റിസ്‌ എ. അറുമുഖസ്വാമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ അന്വേഷിച്ച റിപ്പോര്‍ട്ട്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു.
എയിംസ്‌ മെഡിക്കല്‍ സംഘം അഞ്ചു തവണ അപ്പോളോ സന്ദര്‍ശിച്ചെങ്കിലും ജയലളിതയ്‌ക്കു ശരിയായ ചികിത്സ നല്‍കിയില്ല. യു.എസില്‍ നിന്നെത്തിയ ഡോക്‌ടര്‍ ഹൃദയശസ്‌ത്രക്രിയയ്‌ക്കു ശിപാര്‍ശ ചെയ്‌തിരുന്നെങ്കിലും അതു നടത്തിയില്ല. ആന്‍ജിയോഗ്രാം ചെയ്യുന്നത്‌ ശശികല തടഞ്ഞു.
മരണവിവരം അപ്പോളോ ആശുപത്രി അധികൃതര്‍ യഥാസമയം പുറത്തറിയിച്ചില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. 2016 ഡിസംബര്‍ അഞ്ചിനു രാത്രി 11.30ന്‌ ജയലളിത മരിച്ചതായാണ്‌ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്‌. മരണം ഡിസംബര്‍ 4 ന്‌ ഉച്ചകഴിഞ്ഞ്‌ 3 നും 3.30 നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നത്തെ തമിഴ്‌നാട്‌ ചീഫ്‌ സെക്രട്ടറി ഡോ. രമ മോഹന റാവു ക്രിമിനല്‍ കുറ്റകൃത്യം നടത്തിയെന്നും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ്‌ റെഡ്‌ഡി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
അന്നത്തെ ആരോഗ്യമന്ത്രി സി. വിജയ ഭാസ്‌കറിനെതിരേയും കടുത്ത പരാമര്‍ശങ്ങളുണ്ട്‌. ശശികല, ഡോ. കെ.എസ്‌. ശിവകുമാര്‍, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്‌ണന്‍, ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ എന്നിവര്‍ക്കെതിരേ അന്വേഷണത്തിനും ശിപാര്‍ശയുണ്ട്‌.
2016 സെപ്‌റ്റംബര്‍ 22നാണു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. ഇതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങള്‍ പരന്നു. സന്തതസഹചാരിയായ ശശികല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 2017 ല്‍ അന്നത്തെ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരാണ്‌ അന്വേഷണത്തിനു ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്‌. 2021 ല്‍ അധികാരമേറ്റ ഡി.എം.കെ. സര്‍ക്കാര്‍, ജയലളിതയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം പാലിക്കുമെന്നു വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here