രണ്‍ബീര്‍ കപൂറും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘രാമായണം’ സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ചതായി റിപ്പോർട്ട്. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്നാണ് നിതേഷ് തിവാരി ചിത്രമായ രാമായണം നിര്‍ത്തിച്ചതെന്നാണ് സൂചന. ചിത്രീകരണം തുടങ്ങി രണ്ട് മാസം തികയും മുൻപാണ് ചിത്രീകരണത്തിന് ചുവപ്പ്കൊടി കിട്ടിയിരിക്കുന്നത്.
ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്ന മധു മണ്ടേന ഇടയ്ക്ക് ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ബാധ്യതകളും നഷ്ടപരിഹാരവും നൽകാത്തതിനെ തുടര്‍ന്നാണ് ചിത്രം മുടങ്ങിയതെന്നും സൂചനകളുണ്ട്. അതേസമയം ചിത്രീകരണം നിർത്തിയത് താരങ്ങളുടെ ഷെഡ്യൂളുകള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രശ്നം. സണ്ണി ഡിയോളിന്‍റെ ഒരു ചിത്രം ഈ വർഷാവസാനം ചിത്രീകരിക്കാൻ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. രൺബീർ ഈ വർഷാവസാനം സഞ്ജയ് ലീല ബൻസാലിക്ക് വേണ്ടി ലവ് ആന്‍റ് വാർ എന്ന ചിത്രത്തിനായി കോള്‍ ഷീറ്റ് നല്‍കിയിട്ടുമുണ്ട്. രാമായണത്തിന്റെ ഷൂട്ടിങ് പ്രതിസന്ധി ഈ ചിത്രങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് രാമായണം. രാവണനായി നടൻ യഷ് ആണ് വരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 850കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വിഡിയോയും നേരത്തേ പ്രചരിച്ചിരുന്നു. സായി പല്ലവി, രൺബീർ കപൂർ എന്നിവർക്കൊപ്പം സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹനുമാന്റെ വേഷത്തില്‍ സണ്ണി ഡിയോള്‍ എത്തും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.