ഇറാനിൽ വനിതകളുടെ പ്രക്ഷോഭത്തെ പിന്തുണച്ചു സർക്കാർ ടെലിവിഷനിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചുറ്റും തീ പടരുന്ന ദൃശ്യം 15 സെക്കൻഡ് നേരം കാണിച്ചു

0

ടെഹ്റാൻ ∙ ഇറാനിൽ വനിതകളുടെ പ്രക്ഷോഭത്തെ പിന്തുണച്ചു സർക്കാർ ടെലിവിഷനിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചുറ്റും തീ പടരുന്ന ദൃശ്യം 15 സെക്കൻഡ് നേരം കാണിച്ചു. ശനിയാഴ്ച രാത്രി ഒൻപതോടെയാണു വാർത്തയ്ക്കിടെ ഖമനയി ഉദ്യോഗസ്ഥരെ കാണുന്ന ദൃശ്യങ്ങൾക്കു മേൽ ഹാക്കർമാർ തീപടർത്തിയത്.
‘യുവാക്കളുടെ രക്തമാണ് നിങ്ങളുടെ കൈകളിൽ’, ‘ഞങ്ങൾക്കൊപ്പം അണിചേരൂ’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിച്ചേർത്ത ഹാക്കർമാർ ഖമനയി രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു. ‘അദാലത്ത് അലി’ (അലിയുടെ നീതി) എന്നാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചവർ അവകാശപ്പെട്ടത്. സംഭവം അധികൃതരെ ഞെട്ടിച്ചു.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ (22) മരണത്തെ തുടർന്ന് കഴിഞ്ഞ മാസം 17ന് ആരംഭിച്ച പ്രക്ഷോഭം രാജ്യമെങ്ങും കത്തിപ്പടരുകയായിരുന്നു.

സർവകലാശാല വിദ്യാർഥികൾ അടക്കം രംഗത്തുള്ള സർക്കാർവിരുദ്ധ പ്രക്ഷോഭം നാലാം ആഴ്ചയിലേക്ക് കടന്നു. കുർദ് ഭൂരിപക്ഷമുള്ള വടക്കൻ നഗരമായ സാനന്ദജിൽ 2 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. രാജ്യത്തെ പ്രധാന സർവകലാശാലകളിലെല്ലാം സമരം തുടരുകയാണ്. ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ എത്തിയ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയോട് വിദ്യാർഥിനികൾ ‘കടക്കൂ പുറത്ത്’ എന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

അതേസമയം, പ്രക്ഷോഭത്തിനിടെ 185 പേർ കൊല്ലപ്പെട്ടെന്നും ഇതിൽ 19 പേർ കുട്ടികളാണെന്നും ആരോപിച്ചു നോർവേ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന രംഗത്തെത്തി. കൊല്ലപ്പെട്ടവരിൽ പകുതിയോളം പേർ സിസ്തൻ, ബലൂചിസ്താൻ പ്രവിശ്യകളിലാണെന്നും റിപ്പോർട്ടിലുണ്ട്. സ്കൂൾ, കോളജ് വിദ്യാ‍ർഥിനികൾ ധാരാളമായി പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നതും അവരെ സുരക്ഷാസേന മർദിക്കുന്നതുമായ വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here