മതപരിവർത്തന ചടങ്ങിൽ പങ്കെടുത്തു വിവാദത്തിലായ ആംആദ്മി പാർട്ടി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവച്ചു

0

മതപരിവർത്തന ചടങ്ങിൽ പങ്കെടുത്തു വിവാദത്തിലായ ആംആദ്മി പാർട്ടി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവച്ചു. ഡൽഹിയിലെ രണ്ടാം എഎപി മന്ത്രിസഭയിലെ ഒരംഗം വിവാദത്തിൽപ്പെട്ടു രാജിവയ്ക്കേണ്ടി വരുന്നത് ആദ്യമാണ്. ‘ഞാൻ കാരണം എന്റെ ലീഡർ അരവിന്ദ് കേജ്‍രിവാളോ പാർട്ടിയോ പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്നില്ല.

ഞാൻ പാർട്ടിയുടെ യഥാർഥ അനുയായിയാണ്. ബാബാ സാഹിബ് അംബേദ്കറും ബുദ്ധനും കാട്ടിയ വഴിയിലൂടെ ജീവിതം മുഴുവൻ സഞ്ചരിക്കും’ സാമൂഹിക ക്ഷേമം, എസ്‍സി‍–എസ്ടി ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം വിശദീകരിച്ചു.

ബുധനാഴ്ച ഝണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ നടന്ന അശോക് വിജയദശമി ആഘോഷത്തിലാണു പതിനായിരത്തോളം പേർ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേർന്നത്. ജാതി വ്യവസ്ഥയിൽ നിന്നു മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ചടങ്ങ് നടത്തിയതെന്നായിരുന്നു പ്രഖ്യാപനം.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ചടങ്ങിൽ മന്ത്രി പങ്കെടുത്തതിൽ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ അതൃപ്തി പ്രകടിപ്പിച്ചെന്നാണു വിവരം.

സീമാപുരിയിൽ നിന്നു നിയമസഭയിലെത്തിയ രാജേന്ദ്ര പാൽ ഒന്നാം എഎപി നിയമസഭയിൽ 2017ലാണു മന്ത്രിയായത്.

2020ൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയപ്പോൾ പദവിയിൽ തുടർന്നു. ‘രാജ്യത്തെ കോടിക്കണക്കിനാളുകളെടുത്ത പ്രതിജ്ഞയിലെ വാചകങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ബിജെപിയാണ് ഇതു വലിയ വിവാദമാക്കിയത്. അവർ എന്നെയും പാർട്ടിയെയും അവഹേളിക്കാൻ ശ്രമിക്കുകയാണ്’ രാജിക്കു ശേഷം മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here