ഈസ്‌റ്റ് ബംഗാളിനെ കീഴടക്കി ഗോവ

0

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളി (ഐ.എസ്‌.എല്‍) ല്‍ അവസാന സെക്കന്‍ഡ്‌ ഗോളില്‍ എഫ്‌.സി. ഗോവയ്‌ക്ക് ആദ്യ ജയം. ഒന്നിനെതിരേ രണ്ടു ഗോളിന്‌ ഈസ്‌റ്റ് ബംഗാളിനെയാണു ഗോവ കീഴടക്കിയത്‌. 94-ാം മിനിറ്റില്‍ എഡു ബേഡിയ ഗോവയുടെ വിജയഗോളടിച്ചു. ഉദ്‌ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനോടു തോറ്റ ഈസ്‌റ്റ് ബംഗാളിനു ടൂര്‍ണമെന്റില്‍ ഇതു രണ്ടാം തോല്‍വി.
ഏഴാം മിനിറ്റില്‍ത്തന്നെ ഗോവ മുന്നിലെത്തി. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി മിന്നൂം പ്രകടനം കാഴ്‌വച്ച അല്‍വാരോ വാസ്‌ക്വസിന്റെ പാസാണു ഗോളിലേക്കുള്ള വഴിതുറന്നത്‌. വാസ്‌ക്വസ്‌ ബോക്‌സിലേക്കു തൊടുത്ത പന്ത്‌ ക്ലിയര്‍ ചെയ്യുന്നതില്‍ ഈസ്‌റ്റ് ബംഗാള്‍ താരങ്ങള്‍ക്കു പിഴച്ചു. തക്കം പാര്‍ത്തുനിന്ന ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്‌ ഈസ്‌റ്റ് ബംഗാള്‍ വലകുലുക്കി. തുടര്‍ന്നും രണ്ട്‌ മികച്ച അവസരങ്ങള്‍ ഗോവയ്‌ക്കു ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ തുറന്നെടുത്ത ഈസ്‌റ്റ് ബംഗാള്‍ 64-ാം മിനിറ്റില്‍ ഒപ്പമെത്തി. മലയാളി താരം വി.പി. സുഹൈറിനെ ഗോവ ഗോള്‍കീപ്പര്‍ വീഴ്‌ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ക്ലെയ്‌റ്റണ്‍ സില്‍വ ലക്ഷ്യം കണ്ടതോടെ മത്സരം 1-1.
മത്സരം സമനിലയിലായി ഇരുടീമുകളും പോയിന്റ്‌ പങ്കിടുമെന്നു കരുതിയ ഘട്ടത്തില്‍ എഡു ബേഡിയ ഗോവയുടെ വീരനായകനായി. ഫ്രികിക്കില്‍നിന്നായിരുന്നു ബേഡിയയുടെ തകര്‍പ്പന്‍ ഗോള്‍. വല ലക്ഷ്യം വച്ചുള്ള ബേഡിയയുടെ കിക്കിനു തലവയ്‌ക്കാനായി ഇരുടീമിലെയും താരങ്ങള്‍ ചാടി. എന്നാല്‍ ഒരാള്‍ക്കും തൊടാനാകാതെ നിലത്തുകുത്തി പന്ത്‌ വലയ്‌ക്കുള്ളിലായതോടെ ഈസ്‌റ്റ് ബംഗാള്‍ താരങ്ങള്‍ തലയില്‍ കൈവച്ചു. അപ്രതീക്ഷിത ജയത്തിന്റെ ആവേശവുമായി ഗോവ ആനന്ദനൃത്തം ചവിട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here