‘ടി20 ലോകകപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍!’- പ്രവചിച്ച് മുന്‍ ഓസീസ് താരം

0

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ നടക്കുമെന്നു പ്രവചിച്ച് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. ഇരു ടീമുകളും അനായാസം സൂപ്പര്‍ എട്ടില്‍ എത്തിയതിനു പിന്നാലെയാണ് മുന്‍ ഇടം കൈയന്‍ സ്പിന്നറുടെ പ്രവചനം.(‘India-Australia final in T20 World Cup!’- predicted former Aussie star,)

സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഹോഗ് സാധ്യത കല്‍പ്പിക്കുന്നത് ഓസ്‌ട്രേലിയക്കാണ്. അതിനു ശേഷം അഫ്ഗാനിസ്ഥാനോ യോഗ്യത നേടിയാല്‍ ബംഗ്ലാദേശോ ആയിരിക്കും ഇന്ത്യക്കും ഓസ്‌ട്രേലിയക്കും എതിരാളികള്‍. അഫ്ഗാനിസ്ഥാന്‍ നിലവില്‍ സൂപ്പര്‍ എട്ടില്‍ എത്തിക്കഴിഞ്ഞു.

‘സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കും ഓസ്‌ട്രേലിയക്കും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളെയായിരിക്കും മിക്കവാറും നേരിടേണ്ടി വരിക. ഇരു ടീമുകളേയും ഇന്ത്യയും ഓസ്‌ട്രേലിയയും പരാജയപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം. സെമി ജയിച്ച് ഇരുവരും കലാശപ്പോരിനെത്തുമെന്നും കരുതാം.’ ‘സൂപ്പര്‍ എട്ടിലെ ആദ്യ പോരില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ സാധ്യത ഓസ്‌ട്രേലിയക്കാണ് ഞാന്‍ കൊടുക്കുക. വെസ്റ്റ് ഇന്‍ഡീസിലെ ദുര്‍ഘടമായ, സ്ലോ പിച്ചില്‍ കളിക്കുന്നത് ഓസ്‌ട്രേലിയക്ക് കൂടുതല്‍ എളുപ്പമാണ്. ഇന്ത്യ ന്യൂയോര്‍ക്കിലെ സീം നിറഞ്ഞ പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഐപിഎല്ലില്‍ ഫഌറ്റ് പിച്ചില്‍ കളിച്ചാണ് വരുന്നതും.’

‘സൂപ്പര്‍ എട്ട് അതിനാല്‍ തന്നെ ഇന്ത്യക്ക് അല്‍പ്പം കഠിനമായിരിക്കും. എന്നാല്‍ ഫൈനലില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ മാറും. കാരണം ഇന്ത്യയും അപ്പോഴേക്ക് സാഹചര്യങ്ങളുമായി ഇണങ്ങിയിട്ടുണ്ടാകും’- ബ്രാഡ് ഹോഗ് പ്രവചിച്ചു.

സമീപ കാലത്ത് രണ്ട് ഐസിസി ഫൈനലുകളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകള്‍. രണ്ടിലും പക്ഷേ ഇന്ത്യ ഓസീസിനു മുന്നില്‍ കിരീടം അടിയറവ് വച്ചു.

Leave a Reply