നഗരത്തിൽ വൻസ്ഫോടനങ്ങൾക്കു പദ്ധതിയിട്ടതായി കാർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഖാൻ പൊലീസിനോട് സമ്മതിച്ചു

0

കോയമ്പത്തൂർ ∙ നഗരത്തിൽ വൻസ്ഫോടനങ്ങൾക്കു പദ്ധതിയിട്ടതായി കാർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഖാൻ പൊലീസിനോട് സമ്മതിച്ചു. ദീപാവലിയുടെ തലേന്ന് നഗരത്തിലെ തിരക്കേറിയ ഉക്കടത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്നും സ്ഫോടകവസ്തുക്കളും പാചകവാതക സിലിണ്ടറുകളുമായി പുറപ്പെട്ട ജമേഷ മുബിൻ കൊല്ലപ്പെട്ടതിനാൽ ലക്ഷ്യം നടന്നില്ലെന്നുമാണു മൊഴിയിലുള്ളത്.

ശ്രീലങ്കയിൽ പള്ളിയിലുണ്ടായ സ്ഫോടനക്കേസിൽ കേരളത്തിലെ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ, മലയാളിയായ റാഷിദ് അലി എന്നിവരെ ജയിലിൽ സന്ദർശിച്ച് സ്ഫോടനത്തെപ്പറ്റി കൂടിയാലോച്ചിരുന്നു എന്നും ഫിറോസ് സമ്മതിച്ചു.

കാർബോംബ് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനിന്റെ വീട്ടിൽനിന്നു പൊട്ടാസ്യം നൈട്രേറ്റ് ഉൾപ്പെടെ 75 കിലോ സ്‌ഫോടകവസ്തുക്കളും ബോംബ് നിർമാണ സാമഗ്രികളും ഐഎസ് അനുകൂല ലഘുലേഖകളും കണ്ടെത്തിയതായി എൻഐഐ വെളിപ്പെടുത്തി. വിവിധ ദൗത്യങ്ങൾ വിവരിക്കുന്ന 109 ലേഖനങ്ങളും കണ്ടെത്തി.

ജമേഷ മുബീനിന്റെ ഭാര്യ നസ്റത്തിനെയും ചോദ്യം ചെയ്തു. ബധിരയും മൂകയുമായ ഇവരെ ആംഗ്യഭാഷാ സഹായിയുടെ സാന്നിധ്യത്തിലാണു ചോദ്യം ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) കേരള സെക്രട്ടറി സി.എ.റൗഫിന് പ്രതികളുമായി ബന്ധമുണ്ടായിരുന്നോ എന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ, കോയമ്പത്തൂർ ജില്ലയിൽ പൊലീസ് വാഹന പരിശോധന തുടരുകയാണ്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന അവകാശികളില്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ മോട്ടർ സൈക്കിളുകളും കാറുകളും കസ്റ്റഡിയിലെടുക്കുന്നുണ്ട്. കേരള അതിർത്തിയിലുള്ള പൊലീസ്, ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. എൻഐഎ സംഘം നഗരത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here