ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡൽഹിയിൽ വീണ്ടും വായുമലിനീകരണം

0

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡൽഹിയിൽ വീണ്ടും വായുമലിനീകരണം. ദീപാവലി ആഘോഷങ്ങള്‍ക്കായി പടക്കം പൊട്ടിച്ചതും, വയലുകളില്‍ തീയിടുന്നതും തലസ്ഥാനത്ത് വായു മലിനീകരണം കൂടാൻ കാരണമായി. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം രാവിലെ 8 മണിയോടെ മലിനീകരണ തോത് 326 രേഖപ്പെടുത്തി. പൂജ്യത്തിനും 50 നുമിടയിലുള്ള എ.ക്യു.ഐ ആണ് ഏറ്റവും മികച്ച വായുനിലവാരമായി കണക്കാക്കപ്പെടുന്നത്.

വായുമലിനീകരണ തോത് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന എ.ക്യു.ഐ (AQI) തിങ്കളാഴ്ച 312 എന്ന തോതിലായിരുന്നു. 24 മണിക്കൂറിനിടയിലുള്ള ശരാശരി വായുമലിനീകരണ തോതാണിത്. അതേ സമയം ഏഴ് വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ദീപാവലി ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം വായുമലിനീകരണ തോത് അഥവാ ഏ.ക്യു.ഐ 382 ആയിരുന്നു. 2020-ല്‍ ഇത് 414 ഉം 2019 ല്‍ 337 യുമായിരുന്നു. സമീപകാലങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ മലിനീകരണ തോതില്‍ ഏറ്റവും ചെറുത് 2018 ലേതാണ്. 281 ആയിരുന്നു 2018 -ലെ വായു നിലവാര സൂചിക.

പി.എം 2.5 ലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തി. 2.5 മൈക്രോമീറ്ററിന് താഴെ വലിപ്പമുള്ള അന്തരീക്ഷത്തിലെ മലിനകണങ്ങളാണ് പി.എം 2.5. തലസ്ഥാനത്തെ 25 ഇടങ്ങളില്‍ ഇത് ദേശീയ ശരാശരിയെക്കാള്‍ അഞ്ചു മുതല്‍ ആറ് മടങ്ങ് വരെ വലുതായിരുന്നു. അതായത് വൈകുന്നേരം നാല് മണിയോടെ ക്യുബിക് മീറ്ററിന് ശരാശരി 60 മൈക്രോഗ്രാം. ദീപാവലി പ്രമാണിച്ച് പടക്കം പൊട്ടിക്കലിന് ഏര്‍പ്പെടുത്തിയ നിരോധനം കാര്യമായി പ്രാവര്‍ത്തികമായില്ലെന്നും കണക്കാക്കപ്പെടുന്നു. ഗാസിയാബാദ് (301), നോയിഡ (303), ഗ്രേറ്റര്‍ നോയിഡ (270), ഗുരുഗ്രാം (325), ഫരീദാബാദ് (256) എന്നിങ്ങനെ മോശം വായുനിലവാരമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

Leave a Reply