ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത പതിനേഴുകാരിയും കൊല്ലപ്പെട്ടു; പോരാട്ടം ശക്തമാക്കി ഇറാനിയൻ വനിതകൾ

0

ടെഹ്റാൻ: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത നിക ഷകരാമി (17) എന്ന പെൺകുട്ടിയുടെ മരണം ഭരണകൂട കൊലപാതകം എന്നാരപിച്ചാണ് പ്രക്ഷോഭം കൂടുതൽ ശക്തിപ്രാപിക്കുന്നത്. കെട്ടിടത്തിനു മുകളിൽ നിന്ന് വീണാണ് നിക മരിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, പൊലീസ് തലയ്ക്കു പിന്നിൽ അടിച്ചു പരുക്കേൽപ്പിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടെന്ന് മാതാവ് നസ്റീൻ ആരോപിക്കുന്നു.

ഇറാനിൽ അടിച്ചമർത്തലിനെതിരെ പോരാടുന്ന വനിതകളുടെ പുതിയ ബിംബമായി നിക വളർന്നുകഴിഞ്ഞു. സമരത്തിൽ പങ്കാളിയായ നികയെ കഴിഞ്ഞ 20 മുതൽ കാണാതായെന്നും 10 ദിവസത്തിനു ശേഷം മൃതദേഹം പൊലീസ് കൈമാറുകയാണ് ചെയ്തതെന്നും മാതാവ് പറഞ്ഞു.

പടിഞ്ഞാറൻ ഇറാനിലെ അൽബോർസ് പ്രവിശ്യയിൽ സറീന ഇസ്മായീൽസദേഹ് (16) എന്ന പെൺകുട്ടി കെട്ടിടത്തിൽ നിന്നു വീണുമരിച്ച സംഭവവും വൻവിവാദമായി. സുരക്ഷാ സേന തലയ്ക്കു പിന്നിൽ ബാറ്റൻ കൊണ്ട് അടിച്ചതിനെ തുടർന്നാണ് സറീന വീണതെന്ന് ആംനസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള പൗരാവകാശ സംഘടനകൾ ആരോപിക്കുമ്പോൾ ആത്മഹത്യ ആണെന്നാണ് സർക്കാർ വാദം. അഞ്ചാം നിലയിൽ നിന്ന് ചാടി സറീന ആത്മഹത്യ ചെയ്തെന്നാണ് അൽബോർസ് പ്രവിശ്യയിലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. കഴിഞ്ഞമാസം 24ന് ആണ് സറീന മരിച്ചത്.

ഹൈസ്കൂൾ വിദ്യാർഥിനികളും സമരത്തിൽ സജീവമായി പങ്കെടുക്കുകയാണ്. ചുരുങ്ങിയത് 150 പേരെയെങ്കിലും സമരം അടിച്ചമർത്തുന്ന സുരക്ഷാസേന കൊലപ്പെടുത്തിയെന്നാണ് വിവിധ സംഘടനകൾ ആരോപിച്ചത്. ആയിരങ്ങൾ അറസ്റ്റിലാവുകയും നൂറുകണക്കിനു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അതേസമയം, ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ (22) മരണം അസുഖം മൂലമാണെന്നും മർദനമല്ല കാരണമെന്നും ഫൊറൻസിക് തെളിവുകൾ നിരത്തി സർക്കാർ വ്യക്തമാക്കി. 8 വയസ്സിൽ ട്യൂമർ നീക്കാൻ അമിനി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ആന്തരികാവയവങ്ങൾ നിശ്ചലമായതിനെ തുടർന്നാണ് മരണമെന്ന് സർക്കാർ ന്യായീകരിച്ചു.

ഇതിനിടെ, ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇന്ത്യയിലേക്കും വ്യാപിക്കുകയാണ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് യുവതി സ്വന്തം മുടിമുറിച്ച് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. നോയിഡയിലെ സെക്ടർ-15 എയിൽ താമസിക്കുന്ന ഡോ. അനുപമ ഭരദ്വാജാണ് മുടി മുറിച്ച് രം​ഗത്തെത്തിയത്. തൻ്റെ സ്വന്തം മുടി മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും അനുപമ പങ്കുവെച്ചിട്ടുണ്ട്.

ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായാണ് ഡോ.അനുപമ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 21-ാം നൂറ്റാണ്ടിലേക്കാണ് നാം എത്തിയിരിക്കുന്നതെന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങൾ വേദനിപ്പിക്കുന്നുവെന്ന് ഡോ.അനുപമ പറയുന്നു. ഇവിടെ ഏതെങ്കിലും മതത്തെക്കുറിച്ചല്ല ചർച്ച ചെയ്യേണ്ടത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചാണ്. ഇന്ത്യയിലും സ്ത്രീകൾക്ക് ധാരാളം പ്രശ്നങ്ങളുണ്ട്, അതും ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അനുപമ പറഞ്ഞു.

ഇതാണ് ശരിയായ സമയമെന്നും മതത്തിൻ്റെയും സമൂഹത്തിൻ്റെയും വേലിക്കെട്ടുകളെ കുറിച്ച് പറഞ്ഞ് സ്ത്രീകളെ ചൂഷണം ചെയ്യുകയും സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്ന നടപടികളിലേക്ക് ശ്രദ്ധ ആകർഷിക്കാനാണ് മഹ്‌സ അമിനിയ്ക്ക് പിന്തുണ നൽകുന്നതെന്നും അവർ പറഞ്ഞു.

പ്രക്ഷോഭം നടത്തുന്ന വനിതകൾക്ക് നടി പ്രിയങ്ക ചോപ്ര പിന്തുണ പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായി അടിച്ചമർത്തി നിശ്ശബ്ദരാക്കിയവരുടെ ശബ്ദം അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കുകയാണെന്ന് സമൂഹമാധ്യമത്തിലെ സന്ദേശത്തിൽ പ്രിയങ്ക എഴുതി.

മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തിനു പിന്നാലെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട കലാപം വ്യാപിക്കുകയാണ്. വിവിധയിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ നിരവധിപേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ടെഹ്‍റാനിലടക്കം മുപ്പതോളം നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. പൊലീസ് സ്റ്റേഷനുകളും സർക്കാർ മന്ദിരങ്ങളും പ്രക്ഷോഭകർ അഗ്നിക്കിരയാക്കി. പ്രക്ഷോഭകരിലേറെയും സ്ത്രീകളാണ്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിലാണ് മഹ്സ അമീനിയെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലിരിക്കെ അമീനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും കുഴഞ്ഞുവീണ് മരിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here