ബ്രിട്ടനിലെ എലിസബത്ത്‌ രാജ്‌ഞി ഓര്‍മയാകുമ്പോള്‍ മട്ടാഞ്ചേരിക്കും ഓര്‍ക്കാനേറെ

0

മട്ടാഞ്ചേരി: ബ്രിട്ടനിലെ എലിസബത്ത്‌ രാജ്‌ഞി ഓര്‍മയാകുമ്പോള്‍ മട്ടാഞ്ചേരിക്കും ഓര്‍ക്കാനേറെ. 1997 ഒക്‌ടോബര്‍ 17-നാണ്‌ രാജ്‌ഞി കൊച്ചി മട്ടാഞ്ചേരിയിലെ സിനഗോഗ്‌ സന്ദര്‍ശിച്ചത്‌. ഒരു ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു. ആദ്യം സിനഗോഗ്‌ സന്ദര്‍ശനം പരിപാടിയില്‍ ഇല്ലായിരുന്നുവെങ്കിലും പിന്നീട്‌ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനെക്കുറിച്ച്‌ രാജ്‌ഞിയോട്‌ സിനഗോഗിലുള്ളവര്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി അന്ന്‌ അവിടെ തടിച്ചുകൂടിയ ജൂതസമുദായ അംഗങ്ങളെ കോരിത്തരിപ്പിച്ചു. ഇവിടെ പ്രാര്‍ഥിച്ചാല്‍ ഉദ്ദിഷ്‌ടകാര്യം നടക്കുമെന്ന്‌ തനിക്ക്‌ വിവരം ലഭിച്ചുവെന്നാണ്‌ രാജ്‌ഞി പറഞ്ഞത്‌. പിന്നത്തെ ചോദ്യം എന്താണ്‌ അങ്ങയുടെ ഉദ്ദിഷ്‌ട കാര്യമെന്നായി. അത്‌ സ്വകാര്യം എന്നു പറഞ്ഞ്‌ രാജ്‌ഞി ചിരിച്ചുകൊണ്ട്‌ ഒഴിഞ്ഞുമാറി. സിനഗോഗില്‍ പാകിയ വിശിഷ്‌ടമായ തറയോടുകളില്‍ ചവിട്ടി നടക്കാന്‍ തനിക്ക്‌ വൈഷമ്യമുണ്ടായിരുന്നുവെന്നും അവര്‍ പിന്നീട്‌ പറഞ്ഞു. സിനഗോഗിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ്‌ അവിടെ പാകായിരിക്കുന്ന നീല പോര്‍സലൈന്‍ തറയോടുകള്‍.
തൊട്ടടുത്ത ഇന്ത്യ പെപ്പര്‍ ആന്‍ഡ്‌ സ്‌പൈസസ്‌ ട്രേഡ്‌ അസോസിയേഷനിലും (ഇപ്‌സ്‌റ്റ) രാജ്‌ഞി സന്ദര്‍ശനം നടത്തി. ലിഫ്‌റ്റ്‌ ഇല്ലാതിരുന്നിട്ടും ഒന്നാം നിലയില്‍ അവര്‍ ഏണിപ്പടികള്‍ ചവിട്ടിക്കയറിയാണെത്തിയത്‌. അന്ന്‌ ഉച്ചത്തില്‍ കച്ചവടം നടത്തുന്ന ഔട്ട്‌ ക്രൈ സമ്പ്രദായത്തിലാണ്‌ അവിടെ കുരുമുളകിന്റെ രാജ്യാന്തരതലത്തിലുള്ള ലേലംവിളി നടന്നിരുന്നത്‌. ഇക്കാര്യമറിഞ്ഞ സുരക്ഷ ഉദ്യോഗസ്‌ഥര്‍ ഇവിടെ രാജ്‌ഞി വരുമ്പോള്‍ ഒച്ചയും ബഹളമുണ്ടാക്കരുതെന്ന്‌ ഇപ്‌സ്‌റ്റ ഭാരവാഹികളോട്‌ പറഞ്ഞു. രാജ്‌ഞി വന്നപ്പോള്‍ ഇപ്‌സ്‌റ്റയുടെ പ്രവര്‍ത്തനം തനിക്ക്‌ അതിന്റെ തനിരൂപത്തില്‍ കാണണമെന്നാവശ്യപ്പെട്ടു. ഉടനെ ഔട്ട്‌ ക്രൈ സമ്പ്രദായത്തില്‍ അംഗങ്ങള്‍ ഒച്ചയും ബഹളവുമുണ്ടാക്കി ലേലം നടത്തുന്നത്‌ രാജ്‌ഞി കൗതുകത്തോടെ നോക്കി നിന്നുവെന്ന്‌ ഇപ്‌സ്‌റ്റ ഭാരവാഹിയായ കിശോര്‍ കുമാര്‍ ശ്യാംജി അനുസ്‌മരിച്ചു.
ഫോര്‍ട്ട്‌ കൊച്ചിയില്‍ സെന്റ്‌ ഫ്രാന്‍സിസ്‌ ചര്‍ച്ചിലെത്തി വാസ്‌കോ ഡി ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്‌ത സ്‌ഥലം സന്ദര്‍ശിച്ചു. തുടര്‍ന്നു ബ്രിട്ടീഷ്‌ ഏജന്‍സിയായ ഡി.എഫ്‌.ഐ.ഡി. സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സെന്റ്‌ ജോണ്‍ പാട്ടെത്ത മിനി കോളനിയിലും രാജ്‌ഞി സന്ദര്‍ശനം നടത്തി.

Leave a Reply