കടല്‍ത്തീരത്ത്‌ ഇന്ന്‌ മനുഷ്യച്ചങ്ങല

0

പള്ളുരുത്തി: തീരത്തെയും തീരവാസികളെയും സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്‌താഭിമുഖ്യത്തില്‍ ഇന്നു വൈകിട്ട്‌ നാലിനു ചെല്ലാനം മുതല്‍ ബീച്ച്‌ റോഡ്‌ തിരുമുഖ തീര്‍ഥാടനകേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യച്ചങ്ങല നിര്‍മിക്കും. കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ ജൂഡ്‌ മനുഷ്യച്ചങ്ങല ഉദ്‌ഘാടനം ചെയ്യും. 17000 പേര്‍ പങ്കെടുക്കുമെന്നും മനുഷ്യച്ചങ്ങല വിഴിഞ്ഞം സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രതിജ്‌ഞയെടുക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
ടെട്രാ പോഡ്‌ കടല്‍ഭിത്തി നിര്‍മ്മാണം ഫോര്‍ട്ട്‌ കൊച്ചി വരെ വ്യാപിപ്പിക്കുക, കണ്ണമാലി പുത്തന്‍തോടു മുതല്‍ ഫോര്‍ട്ട്‌ കൊച്ചി വരെ കടല്‍ഭിത്തി നിര്‍മ്മാണത്തിന്‌ പണം അനുവദിക്കുക, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അശാസ്‌ത്രീയ നിര്‍മ്മാണം നിര്‍ത്തിവച്ച്‌ വിദഗ്‌ധ പഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കുക, വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ തീരദേശവാസികള്‍ക്കുള്ള ആശങ്കയകറ്റുക, കിടപ്പാടം നഷ്‌ടപ്പെട്ടവര്‍ക്കു പുനരധിവാസവും നഷ്‌ടപരിഹാരവും ഉറപ്പുനല്‍കുക, മത്സ്യത്തൊഴിലാളികള്‍ക്കു തൊഴില്‍ ഉറപ്പാക്കുക, കടലില്‍ നടത്തുന്ന അശാസ്‌ത്രീയ നിര്‍മ്മാണപ്രവൃത്തികള്‍ തടയുക, കടലും തീരവും വികസനത്തിന്റെ പേരില്‍ പണയപ്പെടുത്തുന്നത്‌ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മനുഷ്യച്ചങ്ങല.

Leave a Reply