നവജാതശിശുവിനെ ഉപേക്ഷിച്ചു; മാതാവിനെതിരേ കേസ്‌

0

ആലപ്പുഴ: നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരേ പോലീസ്‌ കേസെടുത്തു. ആലപ്പുഴ തുമ്പോളിയില്‍ കടല്‍ത്തീരത്തോട്‌ ചേര്‍ന്നുള്ള പൊന്തക്കാട്ടിലാണ്‌ ജനിച്ച്‌ മണിക്കൂറുകള്‍ മാത്രമായ പെണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. ആക്രി സാധനങ്ങള്‍ പെറുക്കാനെത്തിയ ഇതരസംസ്‌ഥാന തൊഴിലാളി കുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പോലിസ്‌ എത്തി കുഞ്ഞിനെ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്‌.
അതേസമയം, കുട്ടിയുടെ മാതാവിനെ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുശേഷം പോലീസ്‌ കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതി അമിത രക്‌തസ്രാവം കാരണം അവശയായി. ഇതോടെയാണ്‌ ഇവര്‍ ഭര്‍ത്താവുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്‌. യുവതി ഗര്‍ഭിണിയായിരുന്നുവോയെന്ന്‌ തങ്ങള്‍ക്ക്‌ അറിയില്ലെന്നാണ്‌ ബന്ധുക്കള്‍ പ്രതികരിച്ചത്‌. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന്‌ നോര്‍ത്ത്‌ സി.ഐ. പറഞ്ഞു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പോലീസ്‌ ഇവരില്‍നിന്നു വിശദമായി മൊഴിയെടുക്കും. സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌.

Leave a Reply