പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കും; കേന്ദ്രസർക്കാർ നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് റിപ്പോർട്ട്

0

ബെം​ഗളുരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിക്കാനൊരുങ്ങുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഇതിനായുള്ള നീക്കങ്ങളിലേക്ക് കടന്നുവെന്നാണ് കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

തീവ്രവാദ ഫണ്ടിംഗ് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞ ദിവസം രാജ്യവ്യാപകായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ എൻഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

കർണാടകത്തിലെ 18 സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നത്. 15 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇതിൽ 7 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നതായും സംസ്ഥാന പോലീസും വിവിധ കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.

എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കർണാടക പോലീസും വ്യാഴാഴ്ച ബെംഗളൂരു, മൈസൂരു, കലബുറഗി, ശിവമോഗ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ പിഎഫ്‌ഐയുടെ ഏഴ് ഭാരവാഹികളെ അറസ്റ്റ് ചെയ്തിരുന്നു.

മംഗളൂരുവിൽ പിഎഫ്‌ഐക്കെതിരെ നടന്ന റെയ്ഡുകളിൽ പ്രതിഷേധിച്ച 50ലധികം പിഎഫ്‌ഐ പ്രവർത്തകരെ ഹൂബ്ലിയിൽ കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ ഡക്കപ്പ സർക്കിളിൽ തടിച്ചുകൂടിയ പ്രവർത്തകർ എൻഐഎയ്ക്കും ബിജെപി സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിക്കാൻ ശ്രമിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന-പ്രാദേശിക നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയതായി എൻഐഎ വാർത്താക്കുറിപ്പിൽ പറയുന്നു. കാവൂർ സ്വദേശിയും പിഎഫ്ഐ നേതാവുമായ നവാസ്, ജോക്കാട്ടെ എ കെ അഷ്റഫ്, ഹാലേയങ്ങാടി സ്വദേശി മൊയ്തീൻ, കങ്കനാടി സ്വദേശി അഷ്റഫ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയിരുന്നത്

Leave a Reply