പ്രായപൂര്‍ത്തിയാകാത്ത മക്കളുമായി യുവതി താമസിക്കുന്നത്‌ അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡില്‍

0

പ്രായപൂര്‍ത്തിയാകാത്ത മക്കളുമായി യുവതി താമസിക്കുന്നത്‌ അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡില്‍. ഭക്ഷണം പാകം ചെയ്യാന്‍ അടുപ്പോ ശൗചാലയമോ പോലുമില്ലാതെയാണ്‌ കുടുംബം ഇവിടെ അഭയം തേടിയിരിക്കുന്നത്‌. നെടുങ്കണ്ടം പഞ്ചായത്ത്‌ ആറാം വാര്‍ഡിലാണ്‌ മാരിയമ്മ (48), മക്കളായ ആറാം ക്ലാസില്‍ പഠിക്കുന്ന വെട്രിമുരുകന്‍, മൂന്നാം ക്ലാസില്‍ പഠിക്കുന്ന വിജയലക്ഷ്‌മി എന്നിവര്‍ ദുരിത ജീവിതം നയിക്കുന്നത്‌.
നാട്ടുകാരും പഞ്ചായത്തംഗവും ചേര്‍ന്ന്‌ തയാറാക്കി നല്‍കിയ സ്‌ഥലത്തെ ഷെഡിലാണ്‌ വിലാസം പോലുമില്ലാതെ ഇവരുടെ താമസം. വൈദ്യുതിയോ വെള്ളമോ ഇവിടെയില്ല. പഴയ ആസ്‌ബറ്റോസ്‌ ഷീറ്റും ടര്‍പോളിനും കയറില്‍ കെട്ടി ഒരുക്കിയതാണ്‌ ഷെഡ്‌. കാറ്റടിച്ചാല്‍ ഏത്‌ നിമിഷവും നിലംപൊത്തും. മഴ കനത്താല്‍ ചോര്‍ന്നൊലിക്കും. ആകെയുള്ള ഒരു കട്ടിലിലാണ്‌ സാധനങ്ങള്‍ വെച്ചിരിക്കുന്നത്‌. 16 വയസുകാരനായ മകന്‍ വീട്ടിലെ അസൗകര്യങ്ങളും ദുരിതവും കാരണം ബന്ധുക്കള്‍ക്കൊപ്പമാണ്‌ താമസം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭര്‍ത്താവ്‌ മരിച്ചു പോയെന്നും ഇതിന്‌ ശേഷം കൂലിപ്പണിയെടുത്താണ്‌ മക്കളെ പഠിപ്പിക്കുന്നതെന്നും മാരിയമ്മ പറയുന്നു. നെടുങ്കണ്ടം പഞ്ചായത്ത്‌ യു.പി. സ്‌കൂളും, നെടുങ്കണ്ടം സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ സ്‌കൂളും മാരിയമ്മയുടെ മക്കളെ പഠിപ്പിക്കുന്നുണ്ടെങ്കിലും സുരക്ഷിതമായി ഉറങ്ങാന്‍ ഇടമാണ്‌ ഇവരുടെ സ്വപ്‌നം. രാവിലെ 6.45ന്‌ ഏലത്തോട്ടത്തില്‍ ജോലിക്ക്‌ പോകും. വൈകിട്ടാണ്‌ തിരികെ എത്തുന്നത്‌. മഴ കനത്തത്തോടെ ഷെഡിനുള്ളില്‍ വരെ ഉറവയാണ്‌. കഴിഞ്ഞ പ്രളയ കാലത്ത്‌ അപകട മേഖലയില്‍ താമസിച്ച മാരിയമ്മയേയും മക്കളെയും പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചിരുന്നു

Leave a Reply