ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു

0

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ സമര്‍ ബാനര്‍ജി (92) അന്തരിച്ചു. അള്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്ന ബാനര്‍ജി കോവിഡ്‌-19 വൈറസ്‌ ബാധിതനായി എം.ആര്‍. ബാന്‍ഗുര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ നില വഷളായതോടെ ബംഗാള്‍ കായിക മന്ത്രി അരൂപ്‌ ബിസ്വാസിന്റെ നിര്‍ദേശ പ്രകാരം എസ്‌്.എസ്‌.കെ.എം. ആശുപത്രിയിലേക്കു മാറ്റി.
ഉയര്‍ന്ന രക്‌തസമ്മര്‍ദവും അദ്ദേഹത്തെ അലട്ടിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച സമര്‍ ബാനര്‍ജിയെ ”ബദ്രു ദാ” എന്നാണ്‌ ആദരപൂര്‍വം വിളിച്ചിരുന്നത്‌. മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടീം നാലാം സ്‌ഥാനത്തെത്തി ചരിത്രം കുറിച്ചു. കഴിഞ്ഞ ജൂലൈ 27 നാണു കോവിഡ്‌ ബാധിതനായത്‌. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മൂന്ന്‌ തവണയാണ്‌ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്‌.
അതില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതു ബാനര്‍ജിയുടെ ടീമാണ്‌. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ 3-0 ത്തിനു തോറ്റു. ക്ലബ്‌ ഫുട്‌ബോളിലും ശ്രദ്ധ നേടിയ താരമാണ്‌ ബാനര്‍ജി. മോഹന്‍ ബഗാന്‌ വേണ്ടി ഏറെനാള്‍ കളിച്ച ബാനര്‍ജി അവര്‍ക്കൊപ്പം പ്രഥമ ഡുറന്‍ഡ്‌ കപ്പ്‌ (1953) നേടി. 1955 ല്‍ ടീമിനൊപ്പം റോവേഴ്‌സ്‌ കപ്പും സ്വന്തമാക്കി. ബംഗാള്‍ ടീമിനൊപ്പം രണ്ട്‌ തവണ സന്തോഷ്‌ ട്രോഫി കിരീടത്തിലും മുത്തമിട്ടു. വിരമിച്ച ശേഷം കോച്ചായി പ്രവര്‍ത്തിച്ചു. ബംഗാള്‍ ടീമിന്റെ കോച്ചായിരിക്കേ 1962 ല്‍ സന്തോഷ്‌ ട്രോഫി നേടി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സെലക്‌ടറായും സമര്‍ ബാനര്‍ജി പ്രവര്‍ത്തിച്ചു.

Leave a Reply